
കൊച്ചി : ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് ആവശ്യമായ യാനങ്ങള്‍ നിര്‍മിക്കുന്നതിനു സംസ്ഥാന ഫിഷറീസ് വകുപ്പ് കൊച്ചി കപ്പല്‍ശാലയുമായി ഏര്‍പ്പെട്ട കരാര്‍ നിലനില്‍ക്കെയാണ് ഈ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പഷന് (കെ.എസ്.ഐ.എന്‍.സി) വിവാദ കരാറില്‍ ഏര്‍പ്പെട്ടത്. 26 യാനങ്ങള്‍ കൊച്ചി കപ്പല്‍ശാല നിര്‍മിച്ചു കൈമാറിയിരുന്നു. ഇതുകൂടാതെ 10 യാനങ്ങളുടെ നിര്‍മാണക്കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
ഇതറിയാവുന്ന ഫിഷറീസ് വകുപ്പ് കെ.എസ്.ഐ.എന്‍.സിയുമായി 400 യാനങ്ങളുടെ നിര്‍മിതിക്കുള്ള ഇടപാടില്‍ ഏര്‍പ്പെട്ടത് ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചനയ്ക്കു തെളിവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യബന്ധന മേഖലയിലോ യാനങ്ങളുടെ നിര്‍മാണത്തിലോ യാതൊരു പങ്കാളിത്തവുമില്ലാത്ത സ്ഥാപനമാണിത്. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുടെ ഡയറക്ടര്‍മാരില്‍ ആരും മത്സ്യവ്യവസായ മേഖലയുമായി ബന്ധമുള്ളവരല്ല.
രണ്ടു മലയാളികള്‍ ഉള്‍പ്പെട്ട കമ്പനി പ്രധാനമായും അമേരിക്കയിലും മറ്റും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദഗ്ധ്യം ആവശ്യമായ ഒരു മേഖലയില്‍ അതില്ലാത്ത ഒരു കമ്പനി ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് അമേരിക്കന്‍ കമ്പനിയുമായി കരാറിന് മുതിര്‍ന്നത്. കെ.എസ്.ഐ.എന്‍.സിയുടെ ചെയര്മാന് ടോം ജോസ് സമീപകാലത്ത് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനവും ഇതോടെ സംശയനിഴലിലാവുകയാണ്. സര്‍ക്കാരുമായി ഏറ്റവും അടുപ്പംപുലര്‍ത്തുന്ന ഈ ഉദ്യോഗസ്ഥന് ചീഫ് സെക്രട്ടറി പദവിയില്‍നിന്നും വിരമിച്ചശേഷവും ചുമതലവഹിക്കുന്ന സ്ഥാപനം വിവാദ കരാറിലേര്‍പ്പെട്ടത് ദുരൂഹമാണ്.
അമേരിക്കന്‍ ഡേറ്റ അനലിസ്റ്റ് കമ്പനിയായ സ്പ്രിങ്ളറുമായി കരാര്‍ ഉണ്ടാക്കിയതുള്‍പ്പെടെ നിരവധി വിവാദങ്ങള്‍ സര്‍ക്കാരിനെ ഉലച്ചതിനു പിന്നാലെയാണ് മറ്റൊരു കമ്പനിയുടെ രംഗപ്രവേശം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മത്സ്യവും മറ്റ് പ്രകൃതിവിഭവങ്ങളും മറ്റേത് സ്ഥലത്തേക്കാളും സമ്പന്നമാണെന്ന കണ്ടെത്തലും അമേരിക്കന്‍ താത്പര്യത്തിനു പിന്നിലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അക്കാരണത്താല്‍ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഏര്‍പ്പെടുന്ന ഇത്തരം കരാറുകള്‍ നിഷ്കളങ്കമല്ലെന്നാണു വിലയിരുത്തല്‍.






