
തിരുവനന്തപുരം: പ്രമുഖ കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. കവിയ്ക്ക് പുറമേ ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ അദ്ദേഹം ഏറെ നാളായി മറവിരോഗം ബാധിച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തൈക്കാട്ടെ ശ്രീവല്ലി ഇല്ലത്തു വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. എഴുത്തില്‍ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കിയും ആദരിച്ചിട്ടുണ്ട്.
കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 2014 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. എഴൂത്തച്ഛന് പുരുസ്ക്കാരം, വള്ളത്തോള്‍ പുരസ്ക്കാരം വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയും കവിയെ തേടിയെത്തി. ഉജ്ജനിയിലെ രാപ്പകലുകള്‍, ചാരുലത, ആരണ്യകം, അപരാജിത, ഇന്ത്യയെന്ന വികാരം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, മുഖമെവിടെ, ഭൂമിഗീതങ്ങള്, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം തുടങ്ങി അനേകം കവിതാ സമാഹാരങ്ങള്‍ അദ്ദേഹം രചിച്ചു. ലേഖന സമാഹാരങ്ങളില്‍ അസാഹിതീയവും കവിതകളുടെ ഡിഎന്‍എയും ശ്രദ്ധേയമാണ്.
1939 ല്‍ തിരുവല്ലയില്‍ ജനിച്ച അദ്ദേഹം ഭാഷാ പണ്ഡിതന്, അദ്ധ്യാകന് എന്ന നിലയിലും പ്രശസ്തനാണ്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തര്‍ജനം. 1956 ൽ എസ്ബി കോളജ് മാഗസിനിലും 1962 ൽ വിദ്യാലോകം മാസികയിലും കവിതകൾ പ്രസിദ്ധീകരിച്ചു. പിന്നീട് എഴുത്തിൽ സജീവമായി. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി.
കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു.. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരളകലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു.
ഭൂമിഗീതങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1979), മുഖമെവിടെയ്ക്ക് ഓടക്കുഴൽ അവാർഡ് (1983), ഉജ്ജയിനിയിലെ രാപകലുകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1994,) ആശാൻ പുരസ്കാരം (1996), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം (2004), മാതൃഭൂമി സാഹിത്യ പുരസ്കാരം (2010), വള്ളത്തോൾ പുരസ്കാരം (2010), വയലാർ അവാർഡ് (2010), ചങ്ങമ്പുഴ പുരസ്കാരം (1989) ഉള്ളൂർ അവാർഡ് (1993), സാഹിത്യകലാനിധി സ്വർണമുദ്ര, വീണപൂവ് ശതാബ്ദി പുരസ്കാരം (2008), എഴുത്തച്ഛൻ പുരസ്കാരം (2014) എന്നിങ്ങനെയാണ് പുരസ്ക്കാരങ്ങള്‍.






