
ന്യൂഡൽഹി: രാജ്യത്തെ വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. ഇന്ധന വില വർധന, ജിഎസ്ടി, ഇ- വേ ബിൽ തുടങ്ങിയവയിൽ പ്രതിഷേധിച്ച് നടത്തുന്ന ബന്ദിൽ വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന അറിയിച്ചു.
രാവിലെ ആറ് മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചരക്കുസേവന നികുതിയിലെ സങ്കീർണതകൾ പരിഹരിച്ച് ലളിതമാക്കുക, ഇ വേ ബിൽ അപാകതകൾ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധന വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കോൺഫഡറേഷന്‍ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഓൾ ഇന്ത്യ ട്രാൻസ്പോട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ട്രാൻസ്പോർട്ട് സംഘടനകളും പങ്കെടുക്കില്ല.






