
ന്യൂഡല്‍ഹി: ഒരുകാലത്ത് തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന പശ്ചിമ ബംഗാളില്‍ ബിജെപി ശക്തമായി പിടി മുറുക്കുകയാണെന്ന് സമ്മതിച്ച് സിപിഎം. പക്ഷേ ബിജെപിയെ ചെറുക്കാന്‍ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സിപിഎം കൈകോര്‍ക്കുന്നത് ആത്മഹത്യാപരമാണെന്നും പറയുന്നു. സിപിഎമ്മിന്റെ ദേശീയ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ഈ വിവരമുള്ളത്.
ചിലയിടങ്ങളില്‍ ടിഎംസിയുമായി സഖ്യത്തിലാകാമെങ്കിലും ഇടതുപാര്‍ട്ടികള്‍ക്ക് അത് അബദ്ധമായി മാറുമെന്നും ബിജെപിയുടെ വിജയമായി മാറുമെന്നും ലേഖനത്തില്‍ പറയുന്നു. പശ്ചിമബംഗാളിലും കേരളത്തിലും സിപിഎമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും വലിയൊരു പന്തയമാണ് കാത്തിരിക്കുന്നതെന്നും പറയുന്നു. ''പശ്ചിമബംഗാളില്‍ സ്ഥിതി വലിയ ദുര്‍ഘടമാണ്.
ആളും അര്‍ത്ഥവുമായി ആര്‍എസ്എസ് നല്കുന്ന ശക്തമായ പിന്തുണയില്‍ ഈ സംസ്ഥാനത്ത് അധികാരം നേടാന്‍ ഗൗരവകരമായ ശ്രമമാണ് ബിജെപി നടത്തുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടിഎംസിയും ബിജെപിയും വിഭാഗീയത സൃഷ്ടിച്ച് 42 ല്‍ 18 സീറ്റുകള്‍ നേടിയിരുന്നു. 40.6 ശതമാനം വോട്ടുകള്‍ ഈ പാര്‍ട്ടികള്‍ കയ്യാളിയപ്പോള്‍ ഇടതുപക്ഷത്തിന് കിട്ടിയ വോട്ടുകള്‍ 7.4 ശതമാനമായി കുറഞ്ഞു.
നഷ്ടമായി പോയ ഭൂമിക തിരിച്ചുപിടിക്കാന്‍ സിപിഎമ്മും ഇടതുപക്ഷ പാര്‍ട്ടികളും ഗൗരവതരമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. പശ്ചിമബംഗാളില്‍ അപകടകരമായ നിലയില്‍ ബിജെപി മേല്‍ക്കോയ്മ നേടുകയാണ്. ബംഗാളിന് പുറത്ത് ടിഎംസിയുമായി സഹകരിക്കേണ്ടി വരുമെന്ന നിലയിലേക്കാണ് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ഇത് നയിക്കുന്നത്. അത് പക്ഷേ ഇടതുപാര്‍ട്ടികള്‍ക്ക് ആത്മഹത്യാപരവും ബിജെപിയ്ക്ക് വിജയവും സമ്മാനിക്കും.
ടിഎംസിയ്ക്ക് എതിരേ ശക്തമായ അതൃപ്തിയും ലേഖനത്തിലുണ്ട്. മമതാബാനര്‍ജിയുടെ സമീപനത്തെ 'കൊള്ളയടിക്കുന്ന ദുര്‍ഭരണം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മമതാബാനര്‍ജിയും അവരുടെ പാര്‍ട്ടിയും ഇടതുപക്ഷത്തിന്റെ ഭാഗമായാല്‍ ടിഎംസി വിരുദ്ധ വോട്ടുകള്‍ ബിജെപിയില്‍ ചെല്ലുമെന്നും പറഞ്ഞു. അതേസമയം കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബിജെപി, ടിഎംസി വിരുദ്ധരായ മുന്നണികളും തമ്മിലുള്ള കൂട്ടുകെട്ട് ഉണ്ടാക്കിയാല്‍ ബിജെപിയോട് അതൃപ്തിയുള്ളവരുടെ പിന്തുണ കൂടി നേടാനാകുമെന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍.
മറുവശത്ത് കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും വികസന ജോലികളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഒരുപോലെ തിളക്കം നല്കുന്നു. ഇവിടെ സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫും തമ്മിലാണ്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്താണ്.
ആസ്സാമില്‍ പൗരത്വ റജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയുമെല്ലാം കൊണ്ടുവന്ന് ബിജെപി വര്‍ഗ്ഗീയ അജണ്ഡകള്‍ നടപ്പാക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലും ബിജെപി വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപിയെ എതിരിട്ട് തോല്‍പ്പിക്കേണ്ടത് അനിവാര്യതയാണെന്നും പറയുന്നു. എഐയുഡിഎഫ്, സിപിഎം, കോണ്‍ഗ്രസ്, സിപിഐ, സിപിഐഎംഎല്‍, അഞ്ചാലിക് ഗണമോര്‍ച്ച, ബോഡോ ലാന്റ് പീപ്പിള്‍ ഫ്രണ്ട് എന്നീ ഏഴു പാര്‍ട്ടികളാണ് ആസ്സാമില്‍ ബിജെപിയ്ക്ക് എതിരായി മത്സരിക്കുന്നത്.
തമിഴ്നാട്ടിലും മുമ്പത്തേത് പോലെ ഡിഎംകെയും അണ്ണാഡിഎംകെയും തമ്മിലുള്ള മത്സരമല്ല. പോരാട്ടം എഐഎഡിഎംകെ യ്ക്ക് എതിരേയാകുമ്പോള് അത് ബിജെപിയ്ക്ക് എതിരേ കൂടിയായായി മാറും. കഴിഞ്ഞ തവണ ഡിഎംകെ ഭരണം നേടാതെ പോയതിന് കാരണം സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ എന്നിവരെല്ലാം ഒറ്റയ്ക്ക് മത്സരിച്ചതിനാലാണ്. ഇത്തവണ നാലു പാര്‍ട്ടികളും ഡിഎംകെ നയിക്കുന്ന സഖ്യത്തിന് കീഴിലാണ്. പുതുച്ചേരിയില്‍ ബിജെപി വഞ്ചനാരാഷ്ട്രീയം കളിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ടെന്നും പറയുന്നു.






