
വീൽചെയറിലിരുന്ന് അവളുടെ കഴുത്തിൽ താലിചാർത്തിയ അന്നു കേട്ടു തുടങ്ങിയ ചില പ്രവചനങ്ങളുണ്ട്....
പ്രായത്തിന്റെ എടുത്തു ചാട്ടം... ഇവർ അടിച്ചു പിരിയും... ഈ ബന്ധം കുറച്ചുദിവസം കഴിയുമ്പോൾ അവസാനിക്കും...’
‘ഈ ബന്ധം ഉടൻ അവസാനിക്കും... എന്നിങ്ങനെ....
പക്ഷേ ഈ പറഞ്ഞവരുടെയൊക്കെ മുന്നിൽ ഇപ്പോഴും ഇവർ ഒന്നിച്ചുണ്ട്, ഇരിങ്ങാലക്കുട സ്വദേശി പ്രണവും ഷഹാനയും.
ആറു കൊല്ലം മുമ്പ് ബികോം വിദ്യാർത്ഥിയായിരിക്കെ ഒരു ബൈക്ക് ആക്സിഡന്റിൽ സംഭവിച്ച പരുക്ക് ആണ് പ്രണവിന്റെ തലവര മാറ്റുന്നത്. നെഞ്ചിന് താഴെ മുഴുവൻ തളർന്ന്, കിടന്ന കിടപ്പില്‍ ജീവിതം. പക്ഷേ ഉയിര് പോലെ ചേർന്നു നിൽക്കുന്ന ചങ്ങാതിമാർ അവനെ പൊന്നു പോലെ ചേർത്തു നിർത്തി.
പ്രണവിന്റെ അതിജീവനവും കൂട്ടുകാരുടെ നന്മയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നതോടെയാണ് കഥയിൽ പുതിയ ട്വിസ്റ്റെത്തുന്നത്.
തിരുവനന്തപുരത്ത് നിന്ന് പത്തൊന്‍പതുകാരിയുടെ ഫ്രണ്ട് റിക്വസ്റ്റ് കിട്ടി പ്രണവിന്. പക്ഷേ, ആ റിക്വസ്റ്റ് സ്വീകരിച്ചില്ല. പിന്നെ, പ്രണവിന്റെ സുഹൃത്തുക്കളെ കണ്ടെത്തി ആ പെണ്‍കുട്ടി ഫെയ്സ്ബുക് വഴി സംസാരിച്ചു. പ്രണവിന്റെ ജീവിത സഖിയാകാന്‍ താല്പര്യം അറിയിച്ചു.
തിരുവനന്തപുരം സ്വദേശി മുജീബിന്റേയും സജ്നയുടേയും മകള്‍ ഷഹ്നയായിരുന്നു ആ പെണ്‍കുട്ടി. പൂര്‍ണമായും കിടപ്പിലായ യുവാവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനെ എല്ലാവരും എതിര്‍ത്തു. ജീവിതം കൈവിട്ടു കളയേണ്ടെന്ന് പലരും ഉപദേശിച്ചു.
ഈ ഉപദേശങ്ങള്‍ക്കെല്ലാം മീതെയായിരുന്നു ഷഹ്നയുടെ മനസ്. പ്രണവിന്റെ കൂടെ നിന്ന് പരിപാലിക്കാനും ഒന്നിച്ചു ജീവിക്കാനും തീരുമാനിച്ചു. വീട്ടുകാരുടെ വിയോജിപ്പ് മറികടന്ന് ഇരിങ്ങാലക്കുടയില്‍ എത്തി. കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ ഇരുവരുടേയും വിവാഹം നടന്നു. പ്രണവ് ഷഹ്നയുടെ കഴുത്തില്‍ താലി ചാര്‍ത്തി.
ഒരുമിച്ച് ഒരു കൊല്ലം കഴിയുമ്പോഴും ഇരുവരുടേയും സ്നേഹബന്ധത്തിന്റെ മാറ്റ് പരിശോധിക്കാൻ വരുന്നവരോട് കറപുരളാത്ത പഴയ അതേ പ്രണയം കൊണ്ട് തന്നെയാണ് ഇരുവരും മറുപടി പറയുന്നത്.
പ്രണയം സത്യമാണ്, ആ സത്യമാണ് ഇന്ന് എന്റെ ചേട്ടന്റെ ഒപ്പം ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഒരുപാട് പേർ എന്നെ തടഞ്ഞതാണ്. ഈ വിവാഹം ശരിയാവില്ല, നിന്നെ അവൻ മതം മാറ്റും, അതിന് വേണ്ടിയാണ് ഈ വിവാഹം എന്നൊക്കെ പലതും പറഞ്ഞു.
എന്നാൽ എനിക്കറിയാമായിരുന്നു, എന്റെ ചേട്ടനെ. ശരീരം മാത്രമേ തളർന്നിട്ടുള്ളൂ, മനസ്സ് തളർന്നിട്ടില്ല. അത് മനസ്സിലാക്കിയാണ് ഞാൻ സ്നേഹിച്ചതും ഒപ്പം പോന്നതും. ഞങ്ങൾക്കിടയിൽ മതമില്ല. എന്റെ വിശ്വാസം അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. വിമർശിക്കുന്നവർ എന്തും പറയട്ടെ. എല്ലാം പോസിറ്റീവായാണ് കാണുന്നത്;- ഷഹാന പറയുന്നു.
പണ്ടൊന്നുമില്ലാത്ത ഒരു ഊർജ്ജമാണ് ശരീരത്തിന്. ലക്ഷ്യബോധമില്ലാത്ത ജീവിതത്തിൽ അവൾ കടന്നു വന്നപ്പോൾ പലതും മാറുകയായിരുന്നു. എനിക്കുറപ്പുണ്ട് എനിക്ക് എഴുന്നേൽക്കാനാവും, അവൾക്കൊപ്പം നടക്കാനാവും. അവൾ എന്നെ ചേർത്തു പിടിക്കുമ്പോൾ കാലുകൾക്ക് ബലം കൂടുന്നതായി തോന്നും. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ചേർത്തു പിടിച്ചവർക്കും വിമർശിച്ചവർക്കും നന്ദി- പ്രണവിന്റെ വാക്കുകൾ.






