ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്ന തിരുത്തല്‍ വാദി നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. ഗുലാം നബി ആസാദിനെയും, ആനന്ദ് ശര്‍മയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ എഐസിസിക്ക് കത്ത് നല്കി. നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം നടപടി ഉണ്ടാകുമെന്നാണ് സൂചന.
പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് കാശ്മീരില്‍ നടത്തിയ യോഗം, മോദി സ്തുതി, ഐഎസ്എഫ് സഖ്യത്തെ ചൊല്ലി അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ എന്നിവയില്‍ ഗുലാം നബി ആസാദിനെതിരെയും ആനന്ദ് ശര്‍മക്കെതിരെയും നടപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. അച്ചടക്ക ലംഘനം നടത്തയിട്ടും ഇവര്‍ക്കെതിരെ നടപടി എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഉമേഷ് പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് പാര്‍ട്ടിക്ക് കത്തയച്ചിരിക്കുന്നത്.
പാര്‍ട്ടി നിയമം എല്ലാവര്ക്കും ബാധകമാണെന്നും നടപിടയെടുത്തില്ലെങ്കില് മോശമാണെന്നും കത്തില്‍ പറയുന്നു. എന്നാല്‍ തുടര്‍ച്ചയായി നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തിരുത്തല്‍ വാദികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കാലം പരിഗണിക്കാതെ നടപടി എടുക്കണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചാല്‍ അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും പിന്നാലെ ചേരുന്ന പ്രവര്‍ത്തര സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കമമെന്നും മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം.
അതേസമയം താന്‍ നടത്തിയ പ്രസ്താവനകളില്‍ വിശദീകരണവുമായി ആനന്ദ് ശര്‍മ രംഗത്തെത്തി. ബിജെപിയുമായി രഹസ്യ ധാരണയെന്ന ആരോപണം അദേഹം തള്ളുകയും തന്റെ പാര്‍ട്ടിയോടുള്ള കൂറ് ആര്‍ക്കും ചോദ്യം ചെയ്യനാകില്ലെന്നും വിശദീകരിച്ചു. എന്നാല്‍ സംഘടന ചുമതലകളില്‍ നിന്ന് ഇരുവരെയും മാറ്റി നിര്‍ത്തണമെന്ന് നിര്‍ദേശവും നേതാക്കള്‍ ഉന്നയിക്കുന്നുണ്ടെന്നാണ് സൂചന.






