തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടി. കസ്റ്റംസിന്റെ ഗുരുതരമായ ആക്ഷേപമാണെന്നും വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എന്നാല്‍ 164 പ്രകാരമുള്ള ഒരു മൊഴി എങ്ങനെയാണ് ഇത്രയും ദിവസമായിട്ടുപം പുറത്തു വരാതിരുന്നതെന്ന് കസ്റ്റംസിന്റെ നിലപാടില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി ചോദിച്ചു.
രണ്ടു മാസം കഴിഞ്ഞാണ് ഈ മൊഴി പുറത്തു വരുന്നതെന്നും ഇത്രയും കാലം ഇതില്‍ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചുകൊണ്ടാണ് സംഭവത്തില്‍ ഉമ്മന്‍ചാണ്ടി അടിയന്തരമായി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള തുടര്‍നടപടികളാണ് ഉമ്മന്‍ചാണ്ടി കേസില്‍ ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള സ്വപിന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലിനുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും കോണ്‍സുലര്‍ ജനറലിനും സ്പീക്കര്‍ക്കുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നുമാണ് സ്വപ്നയുടെ മൊഴി. ഇവരെക്കൂടാതെ മൂന്നു മന്ത്രിമാര്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്.
കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കമ്മീഷന് കൈപ്പറ്റിയെന്നും സ്വപ്ന സുരേഷ് പറഞ്ഞതായി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോളര്‍ കടത്തു കേസിലെ പുറത്തുവന്ന രഹസ്യമൊഴി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിയല്‍ ബിജെപിക്ക് സമനില തെറ്റിയതിന്റെ തെളിവാണ് സത്യവാങ്മൂലമെന്നാണ് സിപിഎം ആക്ഷേപം. അതേസമയം കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. എന്നാല്‍ പുറത്തുവന്നിരിക്കുന്ന രഹസ്യമൊഴികള്‍ പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ്. കൂടാതെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് യുഡിഎഫ്.






