
വിറ്റാര ബ്രെസയുടെ ഇതുവരെയുള്ള വിൽപ്പന ആറു ലക്ഷം കവിഞ്ഞതായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). 2016ൽ അരങ്ങേറിയ സബ് കോംപാക്ട് വിഭാഗത്തിൽപെട്ട സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ വിറ്റാര ബ്രെസ അഞ്ചു വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ‘വിറ്റാര ബ്രെസ’യെ മാരുതി സുസുക്കി പരിഷ്കരിച്ചു വിപണിയിൽ എത്തിച്ചിരുന്നു.
വിറ്റാര ബ്രെസയിൽ ഇരട്ട വർണ റൂഫും മസ്കുലർ ബോഡി കിറ്റും എൽ ഇ ഡി ഹെഡ്ലാംപും ഡേ ടൈം റണ്ണിങ് ലാംപ്പും ആണ് മാരുതി സുസുക്കി നൽകിയിരിക്കുന്നത്. വെഹിക്കിൾ അലെർട്ട്, വോയ്സ് റക്കഗ്നീഷൻ, എ എച്ച് എ റേഡിയോ വഴി ഓൺലൈൻ ലഭ്യതയുമൊക്കെയുള്ള സ്മാർട് പ്ലേ സ്റ്റുഡിയോ സഹിതം 17.78 സെ മീ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം ഇന്റീരിയറിൽ ലഭ്യമാണ്. ഓട്ടോ റിട്രാക്റ്റിങ് ഔട്ട്സൈഡ് റിയർവ്യൂ മിറർ, ഓട്ടോ ഡിമ്മിങ് – ആന്റി ഗ്ലെയർ ഇൻസൈഡ് റിയർ വ്യൂ മിറർ, ഗീയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ തുടങ്ങിയവ സുരക്ഷ മെച്ചപ്പെടുത്താൻ നൽകിയിരിക്കുന്നു.
ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 1.5 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ് ‘വിറ്റാര ബ്രെസ’യ്ക്കു കരുത്തേകുന്നത് . അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണു ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഓട്ടമാറ്റിക് പതിപ്പുകൾക്ക് ലീറ്ററിന് 18.76 കിലോമീറ്ററും മാനുവൽ ട്രാൻസ്മിഷനൊപ്പം ലീറ്ററിനു 17.03 കിലോമീറ്ററുമാണു കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത എന്നാണ് റിപ്പോർട്ട്. വിറ്റാര ബ്രേസയുടെ എതിരാളികളിൽ അടുത്തയിടെ വിപണിയിലെത്തിയ റെനോ കൈഗറും ഹ്യുണ്ടേയ് വെന്യൂ, കിയ സോണെറ്റ്, ടാറ്റ നെക്സൻ, മഹീന്ദ്ര എക്സ് യു വി 300, ഫോഡ് ഇകോസ്പോർട് തുടങ്ങിയവ ഉൾപ്പെടുന്നു.
വിപണിയിൽ അവതരിപ്പിച്ച ദിവസം മുതൽ മുതൽ ഉപയോക്താക്കളുടെയും വിമർശകരുടെയും മനം ഒരേപോലെ കവർന്ന ചരിത്രമാണു ‘വിറ്റാര ബ്രെസ’യുടേതെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറയുന്നു. അഞ്ചു വർഷത്തിനിടെ ആറു ലക്ഷം യൂണിറ്റ് വിൽപ്പന നേടിയതോടെ വിറ്റാര ബ്രെസ’യ്ക്കു ഈ വിപണിയിലെ നേതൃപദം ഉറപ്പിക്കാൻ ‘ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






