കൊല്‍ക്കത്ത: ഒറ്റ കൊത്തിന് ആളുകളെ കൊല്ലാന്‍ കഴിയുന്ന മൂര്‍ഖനാണ് താനെന്ന് മിഥുന് ചക്രവര്‍ത്തി. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദേഹം. ബിജെപിയുടെ ദേശീയ നോതാക്കളടക്കം ഉള്ളവരാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ രാജ്യസഭാംഗമായിരുന്ന മിഥുന് ചക്രവര്‍ത്തിയെ ബിജെപി അംഗത്വം നല്കി സ്വീകരിച്ചത്.
എന്നാല്‍ മിഥുന് ചക്രവര്‍ത്തിയുടെ ബിജെപി പ്രവേശനത്തെ വിമര്‍ശിച്ച് തൃണമൂല്‍ എംപി സൗഗത റോയ് രംഗത്തെത്തി. ജനങ്ങള്‍ക്കിടയില്‍ ഒരു സ്വാധീനവുമുള്ള ആളല്ല മിഥുന് ചക്രവര്ത്തിയെന്നായിരുന്നു അദേഹത്തിന്റെ വിമര്‍ശനം. 'മിഥുന് ചക്രവര്‍ത്തി പഴയകാല താരമാണ്. അദേഹം നാലു തവണ പാര്‍ട്ടി മാറിയിട്ടുണ്ട്. മിഥുന് യഥാര്‍ഥത്തില്‍ നെക്സലൈറ്റായിരുന്നു. അതിനുശേഷം സിപിഎമ്മില്‍ ചേര്‍ന്നു പിന്നീട് തൃണമൂലില്‍ എത്തി. തൃണമൂല്‍ അദേഹത്തെ രാജ്യസഭ എംപിയാക്കി. എന്നാല്‍ ബിജെപിയുടെ ഭീഷണിക്ക വഴങ്ങി ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു. അദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമോ വിശ്വസ്യതയോ ഇല്ല' സൗഗത റോയ് പറഞ്ഞു.
എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നുകൊണ്ട് പഞ്ച് ഡയലോഗുകള്‍ വഴിയായിരുന്നു അദേഹത്തിന്റെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ പ്രസംഗം. 'താനൊരു സാധരണ പാമ്പാണ് എന്ന് ധരിക്കരുത്. ആളികളെ ഒറ്റക്കൊത്തിന് കൊല്ലാന്‍ കഴിയുന്ന മൂര്‍ഖനാണ് താന്‍. ബംഗാളിയായതില് അഭിമാനമുണ്ട്. ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യണം എന്ന് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഇത്തരമൊരു വലിയ റാലിയുടെ ഭാഗമാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. സമൂഹത്തിലെ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ പൂവണിയുന്നത്' എന്ന് മിഥുന് ചക്രവര്‍ത്തി പറഞ്ഞു.






