
സാധാരണ പോലെ പരിചയപ്പെട്ടു പിന്നീട് ആത്മസുഹൃത്തുക്കളായി. എന്നാല്‍ ആ ബന്ധം അതിനും അപ്പുറത്തായിരുന്നു, ഈ ആത്മസുഹൃത്തുക്കള്‍ സഹോദരിമാരാണെന്നായിരുന്നു കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞത്. അമേരിക്കയിലാണ് സുഹൃത്തുക്കള്‍ സഹോദരിമാരായി മാറിയ അപൂര്‍വ്വ സംഭവം നടന്നത്. കണക്റ്റിക്കട്ടിലെ ന്യൂഹവാനിലെ റഷ്യന്‍ ലേഡി ബാറില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ജൂലിയ ടിനെറ്റിയും (31) കസാന്ദ്ര മാഡിസണും (32) കണ്ടുമുട്ടിയത്. വളരെ പെട്ടെന്നു തന്നെ ഇവര്‍ നല്ല സുഹൃത്തുക്കളായി മാറി
ഈ സൗഹൃദം ശക്തിപ്പെടുകയും ഇരുവരും സഹോദങ്ങളുടേതിനു തുല്യമായ അടുപ്പം പുലര്‍ത്തിയുമാണ് ജീവിച്ചത്. അങ്ങനെ എട്ട് വര്‍ഷങ്ങള്‍ കടന്നു പോയി. സാന്ദ്രയുടെ കൈയില്‍ പതിച്ചിരുന്ന ഡൊമിനിക്കന്‍ പതാക അവര്‍ സഹോദരിമാരാണെന്നു കണ്ടെത്തുന്നതിലേക്കു വഴി തുറക്കുകയായിരുന്നു. ഇതേക്കുറിച്ച് സംസാരിച്ചതോടെ രണ്ടു പേരും ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നു ദത്തെടുക്കപ്പെട്ടരാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ ഇരുവരുടെയും രേഖകള്‍ ഒരുവട്ടം കൂടി പരിശോധിച്ചു. എന്നാല്‍, മാതാപിതാക്കളുടെ പേരും നഗരവുമൊക്കെ വ്യത്യസ്തമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
കസാന്ദ്ര തന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയതോടെയാണ് കഥ മാറി മറിഞ്ഞത്. കസാന്ദ്ര തന്റെ പിതാവിനോട് തനിക്ക് ഒരു സഹോദരി കൂടിയുണ്ടോ എന്നു ചോദിച്ചു. ഉണ്ടെന്നായിരുന്നു പിതാവിന്റെ ഉത്തരം. ഇതോടെ ജൂലിയയുടെ ഡിഎന്‍എ ടെസ്റ്റും നടത്താന്‍ പോയി. ഫലം കണ്ടപ്പോള്‍ വിസ്മയം കൊണ്ട് ഇരുവരും അമ്പരന്നു പോയി. ഇരുവരും ഒരേ മാതാപിതാക്കളുടെ മക്കളായിരുന്നു. ജൂലിയയും കസാന്ദ്രയും ഉള്‍പ്പെടെ ഒന്‍പത് മക്കളാണ് അവരുടെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നത്. മൂന്ന് ആണ്മക്കളും ആറു പെണ്മക്കളും. ദാരിദ്ര്യം കാരണം ഏതാനും മക്കളെ ദത്തു നല്‍കുകയായിരുന്നു. ഇവര്‍ക്കു പുറമെ മറ്റൊരു പെണ്കുഞ്ഞിനെയും അവര്‍ ദത്തു നല്‍കിയിരുന്നു.






