
തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്റെ മുന്നണിപ്പോരാളിയായിരുന്ന ''കേരള കാസ്ട്രോ'' വി.എസ്. അച്യുതാനന്ദന് ഇക്കുറി വിശ്രമത്തില്‍. കഴിഞ്ഞ തവണ അമരത്തുനിന്നു പാര്‍ട്ടിയെയും മുന്നണിയെയും വിജയിപ്പിച്ച വി.എസ്. വീണ്ടും മുഖ്യമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. അന്നു സീതാറാം യെച്ചൂരിയാണ് അദ്ദേഹത്തെ ''കേരളത്തിലെ ഫിഡല്‍ കാസ്ട്രോ'' എന്നു വിശേഷിപ്പിച്ചത്.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെ കരകയറ്റിയ കാരണവര്‍ കൂടിയായിരുന്നു അദ്ദേഹം. ടി.പി.ചന്ദ്രശേഖരന് വധത്തിനു പിന്നാലെയും അതുകണ്ടു. ചന്ദ്രശേഖരന്റെ വിധവയുടെ കണ്ണീരിനും പാര്‍ട്ടിയുടെ പ്രതിസന്ധിക്കും ഒരേസമയം അദ്ദേഹം സാന്ത്വനം നല്കി. കൊലപാതകത്തെത്തുടര്‍ന്നു വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തെങ്കിലും പീന്നീട് വി.എസ്. പാര്‍ട്ടിക്ക് വേണ്ടി മലക്കം മറിഞ്ഞു. ആ ഒരു ''അടവുനയ''മാണ് അദ്ദേഹം പിന്നീടും തുടര്‍ന്നത്. കാരണം അദ്ദേഹത്തിന് എല്ലാം പാര്‍ട്ടിയായിരുന്നു.
ചിലര്‍ അത് കണ്ടില്ലെന്ന് നടിച്ചു. ആ ഉള്ക്കാഴ്ചയില്ലാത്തവരാണ് പ്രയാധിക്യം കല്പിച്ച് അദ്ദേഹത്തെ കാസ്ട്രോയുടെ പദവിയില്‍ കുടിയിരുത്തിയത്. പിന്നീട് പ്രായശ്ചിത്തമായി ഭരണപരിഷ്കാര കമ്മിഷന് പദവിയുണ്ടാക്കി സംരക്ഷിച്ചു.
അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയവും നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും ലളിതമായ ജീവിതവുമാണ് വി.എസിന്റെ ജനപ്രീതിക്കു കാരണം. 1967 മുതല്‍ 2016-വരെ ഏഴ് തവണ നിയമസഭയിലെത്തി. ഒരു തവണ മുഖ്യമന്ത്രി. മൂന്നു തവണ പ്രതിപക്ഷ നേതാവ്. 1996-ല്‍ മാരാരിക്കുളത്ത് വി.എസിന് സംഭവിച്ച തോല്‍വിയാണ് സി.പി.എമ്മില്‍ വിഭാഗീയതയ്ക്കു കാരണമായത്. 1985 മുതല്‍ പി.ബി. അംഗമായിരുന്ന വി.എസിനെ പാര്‍ട്ടി തരംതാഴ്ത്തിയതും ചരിത്രം. ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുരുക്കാന്‍ വി.എസ് ആസൂത്രിത ശ്രമം നടത്തിയെന്നായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍.
മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് വി.എസ്. മന്ത്രിയായിട്ടില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ വി.എസ്. തോല്‍ക്കുകയാ വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയോ ചെയ്യുന്ന സ്ഥിതിയായിരുന്നു. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളാ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്. 2006 മേയ് 18-ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വി.എസിന് 83 വയസായിരുന്നു.
വിഭാഗീയത ശക്തമായത് 2011ലെ തെരഞ്ഞെടുപ്പിലാണ്. വി.എസ് മത്സരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാല്‍ വി.എസ്. മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കു വന്‍ പരാജയം സംഭവിക്കുമെന്നു ചില കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പി.ബിയെ രഹസ്യമായി അറിയിച്ചു. തുടര്‍ന്ന് വി.എസ്. മത്സരിക്കണമെന്ന് പി.ബി തീരുമാനിച്ചു. ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിക്കു ഭൂരിപക്ഷം നഷ്ടമായി. യു.ഡി.എഫ്. 72, എല്‍.ഡി.എഫ്.-68 സീറ്റുകള്‍ നേടി.
കുറച്ചുകൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമായിരുന്നുവെന്ന തോന്നല്‍ സി.പി.എമ്മില്‍ അന്നു ശക്തമായിരുന്നു. താന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതു തടയാന്‍ പാര്‍ട്ടി തോറ്റു കൊടുത്തതാണോയെന്ന സന്ദേഹം വി.എസിനുണ്ടായിരുന്നു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന് പത്രസമ്മേളനത്തില്‍ വിശദീകരിച്ച പാര്‍ട്ടി പ്രമേയത്തില്‍ വി.എസിനെ വിശേഷിപ്പിച്ചതു പാര്‍ട്ടിവിരുദ്ധ മനോഭാവമുള്ളയാള്‍ എന്നായിരുന്നു. വി.എസ്. ബഹിഷ്കരിച്ച ആ സമ്മേളനം അദ്ദേഹത്തെ കുറ്റവിചാരണ നടത്തി. എന്നാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ വീണ്ടും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ ''പ്രായാധിക്യം'' മറന്നു രംഗത്തിറങ്ങി.
സി.പി.എമ്മിന്റെ പരമ്പരാഗത ഈഴവവോട്ടില്‍ വിള്ളല്‍ വീഴ്ത്താനുള്ള വെള്ളാപ്പള്ളി നടേശന്റെ തന്ത്രത്തെ പ്രതിരോധിക്കാനും വി.എസ്. രംഗത്തുവന്നു. എല്ലാം കഴിഞ്ഞു തെരഞ്ഞെടുപ്പു വന്നപ്പോള്‍ വി.എസിനെ മാറ്റിനിര്‍ത്താന്‍ നീക്കമുണ്ടായെങ്കിലും യെച്ചൂരിയുടെ കാര്‍ക്കശ്യത്താല്‍ അതു പാളി. അന്നു വി.എസും പിണറായിയും മത്സരിച്ചത് അണികളെ ആവേശം കൊള്ളിച്ചു. ഇരുവരും മത്സരിച്ചു ജയിക്കുകയും ഭരണം കിട്ടുകയും ചെയ്താല്‍ മുഖ്യമന്ത്രി ആരാകുമെന്ന വെല്ലുവിളി ഞൊടിയിടയില്‍ യെച്ചൂരി പരിഹരിക്കുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വേലിക്കകത്തു വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒകേ്ടാബര്‍ 20-ന് തുലാ മാസത്തിലെ അനിഴം നക്ഷത്രത്തില്‍ ജനിച്ച വി.എസ്. അച്യുതാനന്ദന് ഈ നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ്.






