കോട്ടയം: പിറവത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പേരില്‍ ജില്ലയിലെ സി.പി.എമ്മില്‍ ഭിന്നത. പിറവം സീറ്റ് ലഭിച്ച കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് സി.പി.എം. സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബിനെയായിരുന്നു.
തീരുമാനം, കേരളാ കോണ്‍ഗ്രസിനും സി.പി.എമ്മിനും നാണക്കേടായെന്ന ആക്ഷേപത്തിനു പിന്നാലെയാണ് ഭിന്നതയും ഉടലെടുത്തത്. സ്ഥാനാര്‍ഥിയായത് പാര്‍ട്ടിയെ അറിയിക്കാതെയാണെന്നു സിന്ധുവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍, സിന്ധു പാര്‍ട്ടി അംഗമായിരുന്നെന്നും അംഗത്വം പുതുക്കിയിട്ടുണ്ടോയെന്നറിയില്ലെന്നും പുറത്താക്കിയ വിവരം അറിയില്ലെന്നുമായിരുന്നു സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ വിശദീകരണം.
സംഘടനാ രീതിപ്രകാരം പാര്‍ട്ടി അംഗത്തെ പുറത്താക്കാനുള്ള അധികാരം ജില്ലാ കമ്മിറ്റിക്കാണ്. ഇത്തരമൊരു നടപടി കമ്മിറ്റിയുടെ മുന്നില്‍ വരികയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. ലോക്കല്‍ കമ്മിറ്റിയുടെ നടപടി പരിശോധിക്കുമെന്നും വാസവന് പറഞ്ഞു.
സ്വതന്ത്രയായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചത്. അത് തുടരാന്‍ അവര്‍ക്ക് സ്വതന്ത്ര്യമുണ്ട്. പിറവത്ത് നല്ലൊരു സ്ഥാനാര്‍ഥിയാണ് അവര്‍. മത്സരിച്ചപ്പോഴെക്കെ വിജയിച്ചിട്ടുമുണ്ട്. ജനപ്രതിനിധിയാകാന്‍ യോഗ്യതയുള്ള ജനകീയ മുഖം. എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്നം ഏറ്റെടുക്കാനും അവര്‍ക്കു കഴിയും-വാസവന് പറഞ്ഞു. എന്നാല്‍, സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമാണെന്നും ജന്മനാടാണ് പിറവമെന്നും ബന്ധുക്കളും കുടുംബവുമെല്ലാം അവിടെയാണെന്നും സിന്ധു പറയുന്നു. യാക്കോബായ സഭാംഗവുമാണ്.
ഇതൊക്കെ പരിഗണിച്ചാവും സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ക്രൈസ്തവരോ യാക്കോബായ സഭയോ ബി.ജെ.പിയുമായി ബന്ധമുണ്ടാക്കുമെന്ന് കരുതുന്നില്ല. മതേതരത്വത്തിനും വികസനത്തിനും ആണ് പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നത്. ഇക്കാര്യത്തില്‍ ജാതിസമവാക്യം മാറി നില്‍ക്കുമെന്നും സിന്ധുമോള്‍ പറഞ്ഞു.






