ബെയ്ജിങ്: ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട്. അരുണാചല്‍പ്രദേശ് അതിര്‍ത്തിക്കു സമീപം ടിബറ്റില്‍ ബ്രഹ്മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന 14ാം പഞ്ചവത്സര പദ്ധതി ചൈനീസ് പാര്‍ലമെന്റ് അംഗീകരിച്ചു. അതേസമയം ഇന്ത്യയും ബംഗ്ലദേശും ആശങ്കയറിയിച്ച മേഖലയില്‍ തന്നെയാണ് അണക്കെട്ട് നിര്‍മ്മിക്കാനുള്ള ചൈനയുടെ നീക്കം.
ഇന്ത്യയും ബംഗ്ലദേശും ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ ചൈന തള്ളിയിരുന്നു. ഈ വര്‍ഷം തന്നെ അണക്കെട്ട് നിര്‍മ്മാണം ആരംഭിക്കുമെന്നാണ് സൂചന. നദീജലം ഒഴുകിയെത്തുന്നരാജ്യങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ആണ് പദ്ധതികള്‍ അംഗീകരിച്ചത്. രാജ്യവികസനം ത്വരിതപ്പെടുത്തുന്ന 60 നിര്‍ദേശങ്ങള്‍ക്കാണ് അംഗീകാരം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ വര്‍ഷം തന്നെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിരുന്നു.






