
മലപ്പുറം: എം.കെ. മുനീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കെ.പി.എ. മജീദിനെതിരേ തിരൂരങ്ങാടിയിലും ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മജിദിനെ തിരൂരങ്ങാടിയില്‍ മത്സരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് നൂറോളം പ്രവര്‍ത്തകര്‍ പാണക്കാട് എത്തി പ്രതിഷേധം രേഖപ്പെടുത്തി. തിരൂരങ്ങാടിയില്‍ നിന്നും മജീദിനെ മാറ്റണമെന്നും അല്ലെങ്കില്‍ ഈ സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ തോല്‍പ്പിക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുകയാണ്.
മുസ്ലീംലീഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരൂരങ്ങാടിയില്‍ മജീദിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മജീദ് മങ്കട മണ്ഡലക്കാരനാണ് എന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം മലപ്പുറം നഗരമാണെന്നും ഇവിടെയൊന്നും നിര്‍ത്താതെ തിരൂരങ്ങാടിയില്‍ എന്തിന് ഇറക്കി എന്നാണ് വിമതര്‍ ചോദിക്കുന്നത്.
പണ്ട് മങ്കടയില്‍ മത്സരിച്ചു പരാജയപ്പെട്ടയാളാണ് മജീദെന്നും ആ പരാജയം ഇവിടെയും ആവര്‍ത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹത്തെ തിരൂരങ്ങാടിയില്‍ മത്സരിപ്പിച്ചാല്‍ തങ്ങള്‍ വോട്ടു ചെയ്യില്ലെന്നും തോല്‍പ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
നേരത്തേ എംകെ മുനീറിനെ കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരേ കൊടുവള്ളിയിലെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. നാട്ടുകാരായ സ്ഥാനാര്‍ത്ഥികള്‍ മതിയെന്നും ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നുമായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞത്.
മുനീറിന്റെ വീട്ടിലെത്തി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങണമെന്നും മുന്നോട്ട് പോയാല്‍ മണ്ഡലത്തില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും എന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. മൂന്ന് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിര്‍ദേശത്തില്‍ നിന്നും ഇത്തവണ ഒഴിവ് കിട്ടിയ മുന്ന് പേരില്‍ രണ്ടു പേരാണ് മുനീറും കെപിഎ മജീദും. മറ്റൊരാള്‍ കുഞ്ഞാലിക്കുട്ടിയായിരുന്നു.






