
അമരാവതി: ദേശീയ പതാക ഡിസൈന്‍ ചെയ്ത പിംഗളി വെങ്കയ്യയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യവുമായി ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗ്മോഹന്. വെള്ളിയാഴ്ച അദ്ദേഹം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 75 ആഴ്ച നീണ്ടു നില്ക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ജഗ്മോഹന് പിംഗളി വെങ്കയ്യയുടെ മകള്‍ ഘണ്ടശാല സീതാമഹാലക്ഷ്മിയെ ആദരിക്കുകയും ചെയ്തു.
ചടങ്ങില്‍ സീതാലക്ഷ്മിയ്ക്ക് 75 ലക്ഷം രൂപ ആന്ധ്രാ മുഖ്യമന്ത്രി നല്കി. മരണാനന്തര ബഹുമതിയായി പിംഗളി വെങ്കയ്യയ്ക്ക് ഭാരതരത്ന നല്കാന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. 1921 ഏപ്രില്‍ 1 ന് മഹാത്മാ ഗാന്ധിയുടെ വിജയവാഡ സന്ദര്‍ശനത്തിലായിരുന്നു പിംഗളി വെങ്കയ്യ ത്രിവര്‍ണ്ണ പതാക ഡിസൈന്‍ ചെയ്ത് നല്‍കിയത്. ഇത് പിന്നീട് 1947 ജൂലൈ 22 ന് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി അംഗീകരിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ സ്വതന്ത്ര ഇന്ത്യയുടെയും അടയാളമായി മാറിയ പതാക നിര്‍മ്മിച്ചയാളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ആരും തിരിച്ചറിയപ്പെടാതെ പോയി. അദ്ദേഹത്തിന് ആത്മാവിന് നിത്യാശാന്തി നല്‍കാനും ആന്ധ്രയിലെ മുഴുവന്‍ ജനതയുടെ ആവശ്യമായി കണക്കാക്കിയും രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്ന് നല്‍കണമെന്ന് നരേന്ദ്രമോഡിയ്ക്കുള്ള കത്തില്‍ ജഗ്മോഹന് ചൂണ്ടിക്കാട്ടി.
പിംഗളി വെങ്കയ്യയുടെ മകള്‍ സീതാ മഹാലക്ഷ്മി ഇപ്പോള്‍ താമസിക്കുന്നത് മാച്ചേര്ല നഗരത്തിലാണ്. ഇവിടെ എത്തിയ ജഗ്മോഹന് പിംഗളി വെങ്കയ്യയുടെ ജീവിതം ആസ്പദമാക്കിയ ഒരു ഫോട്ടോ എക്സിബിഷനിലും പങ്കാളിയായി. പിതാവിന്റെ ജീവിതരേഖ സംബന്ധിച്ച വിവരം മകള്‍ മുഖ്യമന്ത്രിക്ക് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. പിതാവ് ത്രിവര്‍ണ്ണ പതാക മഹാത്മാഗാന്ധിക്ക് കൈമാറിയ ദിവസത്തെ സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിച്ച് എടുക്കുകയും ചെയ്തു.






