
പുതുപ്പള്ളി∙ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ നിന്ന് മത്സരിക്കാനാണ് തന്റെ പേര് അംഗീകരിച്ചിരിക്കുന്നതെന്നും പറഞ്ഞു.
പുതുപ്പള്ളിയില്‍ നിന്നും നേമത്തേക്ക് ഉമ്മന്‍ചാണ്ടിയെ പറിച്ചു നടുന്നു എന്നാരോപിച്ച് ഇന്ന് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയിരുന്നു.
ഈ സാഹചര്യത്തിലാണ് പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടും പോകുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. കോൺഗ്രസിന്റെ 81 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. തന്റെ പേര് പുതുപ്പള്ളിയിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം നേമത്തെക്കുറിച്ചുള്ള ചർച്ചകൾ ദിവസങ്ങളായി സജീവമായി നിൽക്കുന്നുണ്ട്. പല പേരും വരുന്നുണ്ടെന്നും പറഞ്ഞു.
ഉമ്മന്‍ചാണ്ടി തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടെന്നും അക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഉമ്മന്‍ചാണ്ടി ഇന്ന് പുതുപ്പള്ളിയിലേക്ക് വന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കാനുള്ള തീരുമാനം സ്വയം പ്രഖ്യാപിക്കുകയും ബാക്കി തീരുമാനം ഹൈക്കമാന്റിന് വിടുകയുമായിരുന്നു.
ഉമ്മന്‍ചാണ്ടി മണ്ഡലം മാറുന്നത് അറിഞ്ഞ് കെ.സി. ജോസഫ് ഉള്‍പ്പെടെ അനേകരാണ് പുതുപ്പള്ളിയിലെ വീട്ടില്‍ എത്തിയത്. ഉമ്മന്‍ചാണ്ടിയെ പുതുപ്പളളിയില്‍ നിന്നും മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി പോലും അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മറ്റിക്ക് കത്തയച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും ഉമ്മന്‍ചാണ്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ വൈകാരികമായി പ്രതികരിക്കുകയായിരുന്നു.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമം തിരിച്ചുപിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പോലെ പ്രമുഖരായ നേതാക്കള്‍ ആരെങ്കിലും അവിടെ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് ബിജെപിയെ നേരിടുന്നത് സംസ്ഥാനത്താകെ അനുകൂല പ്രതികരണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.






