
കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നേമം സീറ്റില്‍ സ്ഥാനാര്‍ത്ഥിയായാല്‍ നാളെത്തന്നെ പ്രചരണം ആരംഭിക്കുമെന്ന് കെ. മുരളീധരന്. നേമത്ത് യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെങ്കില്‍ പൂര്‍ണ്ണ വിജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാല്‍ തന്നെ വ്യക്തമാക്കിയതാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
നയമസഭാ തിരഞ്ഞെടുപ്പില്‍ എം.പി.മാര്‍ മത്സരിക്കില്ലെന്ന നിലപാടായിരുന്നു ഹൈക്കമാന്‍ഡ് സ്വീകരിച്ചിരുന്നത്. എന്നാല്‍ അക്കാര്യത്തില്‍ ഇളവുവരുത്താനാണ് നീക്കം. കെ. മുരളീധരന് നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നത്. മുരളിക്ക് ഇളവ് നല്കിയാല് മറ്റ് എംപിമാര്‍ പ്രശ്നം ഉണ്ടാക്കില്ല. ഒരു എംപിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇളവുകള്‍ നല്കാവുന്നതേയുള്ളൂ. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് വാര്‍ത്ത നല്കിയാല് ചിലപ്പോള്‍ തെറ്റിപ്പോയേക്കാമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.






