
തിരുവനന്തപുരം: ബി.ജെ.പി. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍നിന്ന് യാക്കോബായ സഭ പിന്മാറിയതിന്റെ കാരണം വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്നും ബി.ജെ.പി. സഭാ നേതാക്കള്‍ ഇപ്പോഴും തങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന് വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പിനോടും പാര്‍ട്ടികളോടും തുടര്‍ന്ന് സമദൂര നിലപാടാണ് സ്വീകരിക്കുമെന്നാണ് യാക്കോബായ സഭാ നിലപാട്.
സംസ്ഥാന തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ബി.ജെ.പി. നേതൃത്വവുമായി യാക്കോബായ സഭാ നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സഭാ മേലദ്ധ്യക്ഷന്മാര് അമിത് ഷാ അടക്കമുള്ള നേതാക്കളുമായി തുടര്‍ചര്‍ച്ചകള്‍ നടത്താതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുകയാണുണ്ടായത്. മുന്‍ തെരഞ്ഞെടുപ്പുകളിലേതു പോലെ സഭയുടെ സമദൂര നിലപാട് തന്നെ തുടരാനും തീരുമാനിച്ചു.
ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭയുമായി സമവായമുണ്ടാക്കാന്‍ കേന്ദ്രവും ബി.ജെ.പി.യും തയ്യാറാണെന്ന ഉറപ്പിനെത്തുടര്‍ന്നാണ് യാക്കോബായ സഭ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പിന്തുണക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സഭ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ കേന്ദ്രത്തിന് സാധിച്ചില്ല. എറണാകുളത്തെ അഞ്ചു മണ്ഡലങ്ങളില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി സഭാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതടക്കം തീരുമാനമായിരുന്നു.
മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ നാല് ബിഷപ്പുമാരാണ് ഡല്‍ഹിയിലേക്കു പോയത്. അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സഭാ പ്രതിനിധികള്‍. കോടതി വിധിയില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ ചര്‍ച്ചകളില്‍ നിന്നു പിന്മാറിയ സഭാ നേതൃത്വവുമായി ചതുടര്ചര്ച്ചകള്ക്കു തയ്യാറാണെന്ന നിലപാടിലാണ് ബി.ജെ.പി.






