
ന്യൂഡൽഹി : 2016- ൽ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ വിപണിയില്‍ പ്രചാരത്തിൽ ഇല്ല. 2,000 രൂപ നോട്ടുകൾ കൂടുതൽ കൂടുതൽ അദൃശ്യമായി തുടരുകയുമാണ്.
ആദ്യം, അത് ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിൽ നിന്നും (എടിഎം) അപ്രത്യക്ഷമാകാൻ തുടങ്ങി, തുടർന്ന് ബാങ്ക് ബ്രാഞ്ചുകളിലെ ക്യാഷ് കൗണ്ടറുകളിൽ നിന്നും. ഇത് 2,000 രൂപ നോട്ടിന്റെ അപ്രഖ്യാപിത പിൻവലിക്കലിന്റെ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നത്. എടിഎമ്മുകളിൽ നിന്ന് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി വിവിധ ബാങ്കുകളും വ്യക്തമാക്കിയിരുന്നു.
പഴയ 500 രൂപയും 1,000 രൂപ നോട്ടുകളും പിൻവലിച്ച ശേഷമാണ് 2,000 രൂപയുടെ കറൻസി നോട്ട് അവതരിപ്പിച്ചത്. (പഴയ) 500 രൂപയും 1,000 രൂപയുടെ കറൻസി നോട്ടുകളും നിരോധിച്ചതിനെത്തുടർന്ന് ഉണ്ടായ പണക്ഷാമം ലഘൂകരിക്കുന്നതിനായി തുടക്കത്തിൽ 2,000 രൂപ നോട്ട് വലിയ അളവിൽ പ്രചരിപ്പിച്ചിരുന്നു.
എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, ഹോർഡിംഗ് എന്നിവയ്ക്കായി ഉയർന്ന മൂല്യമുള്ള കറൻസി നോട്ട് ഉപയോഗിക്കുന്നുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ സംശയിച്ചതിനെത്തുടർന്ന് രണ്ടായിരത്തിന്റെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്താനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് മാധ്യമ സ്ഥാപനമായ ദ പ്രിന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.






