
ബേപ്പൂരിലെ ഇടതുസ്ഥാനാര്‍ഥി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ: പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കുമായി 1,82,64,276 രൂപയുടെ സ്വത്ത്. റിയാസിനു വരുമാനമൊന്നുമില്ലെന്നും വീണയ്ക്ക് കണ്‍സള്‍ട്ടന്‍സി വരുമാനമാണുള്ളതെന്നും നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. റിയാസിന് സ്വന്തമായുള്ളത് 25,10,645 രൂപയുടെ സ്വത്ത്. ഭാര്യയ്ക്ക് 1,57,53,631 രൂപയുടെ സ്വത്തുണ്ട്.
വിവിധ ബാങ്കുകളിലായി റിയാസിന് 75,645 രൂപ നിക്ഷേപമുണ്ട്. വീണയ്ക്ക് 28,72,431 രൂപയുടെ ജംഗമ ആസ്തിയുണ്ട്. 18,91,200 രൂപ വിലമതിക്കുന്ന 464 ഗ്രാം സ്വര്‍ണമുള്‍പ്പെടെയാണിത്. പിണറായി പോസ്റ്റ് ഓഫീസില്‍ 2.40 ലക്ഷം രൂപയുടെ റെക്കറിങ് ഡെപ്പോസിറ്റും വിവിധ ബാങ്കുകളിലായി 1,21,231 രൂപയുടെ നിക്ഷേപവുമുണ്ട്.
റിയാസിനു പിന്തുടര്ച്ചയായി കിട്ടിയ 24,35,000 രൂപയുടെ സ്വത്തും വീണയ്ക്ക് സ്വയാര്‍ജിതമായ 1,28,81,200 രൂപയുടെ സ്വത്തുമുണ്ട്. കോട്ടുളി വില്ലേജില്‍ റിയാസിനു പാരമ്പര്യമായി ലഭിച്ച 15.50 ലക്ഷം രൂപ വിലമതിക്കുന്ന 2240 ചതുരശ്രയടി വീടുണ്ട്. തിരുവനന്തപുരത്ത് 1.10 കോടി രൂപ വിപണിവിലയുള്ള 2432 ചതുരശ്രയടി വീട് വീണയ്ക്കു സ്വന്തം. കഴക്കൂട്ടം കനറാ ബാങ്കില്‍ 5,40,013 രൂപയുടെ ഭവന വായ്പയുമുണ്ട്. സമരം നടത്തിയതിന്റെ പേരില്‍ റിയാസിനെതിരേ എട്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. നാലു കേസുകളില്‍ പിഴശിക്ഷ ലഭിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
മണിയുടെ കൈവശം 10,500 രൂപ
ഉടുമ്പന്‍ചോലയിലെ ഇടതുസ്ഥാനാര്‍ഥി മന്ത്രി എം.എം. മണിയുടെ കൈവശമുള്ളത് 10,500 രൂപ. രണ്ടു ബാങ്ക് അക്കൗണ്ടുകളിലായുള്ളത് 17,524 രൂപയുടെ നിക്ഷേപം. മറ്റ് നിക്ഷേപങ്ങളെല്ലാം ചേര്‍ത്ത് ആകെ സമ്പാദ്യം 54,024 രൂപ. ഭാര്യ ലക്ഷ്മിക്കുട്ടിയുടെ കൈവശം 5000 രൂപയും 2.35 ലക്ഷം വിലമതിക്കുന്ന 56 ഗ്രാം സ്വര്‍ണവുമുണ്ട്. ബൈസണ്‍വാലി വില്ലേജിലും കെ.ഡി.എച്ച്. വില്ലേജിലുമായി 63 സെന്റ് സ്ഥലമാണു മണിയുടെ പേരിലുള്ളത്.
കുഞ്ചിത്തണ്ണിയിലെ 42 സെന്റിന് 15 ലക്ഷം രൂപയും മൂന്നാറിലെ 21 സെന്റിന് 42 ലക്ഷം രൂപയുമാണു വിപണിവില. മൂന്നാറിലെ സ്ഥലം 1999-ല്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി, ജില്ലാ സെക്രട്ടറി ആയിരുന്ന മണിയുടെ പേരില്‍ വാങ്ങിയതാണ്.
കുഞ്ചിത്തണ്ണിയിലെ മണിയുടെ വീടിന് 15 ലക്ഷവും മൂന്നാറിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിന് 1.68 കോടി രൂപയുമാണു വിപണിമൂല്യം. 2016-ലെ മൂന്നു കേസുകളുടെ സ്ഥാനത്ത് നിലവില്‍ ഒരു കേസ് മാത്രമാണു മണിയുടെ പേരിലുള്ളത്.
ബാധ്യതയില്ലാതെ കടകംപള്ളി
കഴക്കൂട്ടത്തെ സിറ്റിങ് എം.എല്‍.എ: സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രന് ബാധ്യതകളില്ലാത്ത സ്ഥാനാര്‍ഥി. കൈവശമുള്ളത് 25,000 രൂപ. വിവിധ ബാങ്കുകളിലും സ്വകാര്യ ടിവി ചാനലിലെ ഓഹരിയും എട്ടുഗ്രാം സ്വര്‍ണവുമായി 13.34 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഭാര്യയുടെ പക്കല്‍ 71 ലക്ഷത്തിന്റെ നിക്ഷേപവും 95 ഗ്രാം സ്വര്‍ണവുമുണ്ട്. കടകംപള്ളി വില്ലേജില്‍ 12 സെന്റു ഭൂമി സുരേന്ദ്രന്റെ പേരിലുണ്ട്. 14 ലക്ഷംരൂപയാണു മതിപ്പു വില. ഭാര്യയുടെ പേരില്‍ കവടിയാറില്‍ ഭൂമിയുണ്ട്.
കുമ്മനത്തിന് അയ്മനത്ത് 25 സെന്റ് ഭൂമി
മിസോറം മുന്‍ ഗവര്‍ണറും നേമത്തെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന് കോട്ടയം ജില്ലയിലെ അയ്മനം വില്ലേജില്‍ 10 ലക്ഷംരൂപ മൂല്യമുള്ള 25 സെന്റു ഭൂമിയുണ്ടെന്നു സത്യവാങ്മൂലം. ബാങ്കു നിക്ഷേപം 46,000 രൂപ വരും. കൈവശമുള്ളത് ആയിരം രൂപ. ഷെയറുകളുടെ മൂല്യം 52,584 രൂപ. അവിവാഹിതനായ കുമ്മനത്തിനു ബാധ്യതകളൊന്നുമില്ല.
കുഞ്ഞാലിക്കുട്ടിക്കും കുടുംബത്തിനും 5.49 കോടിയുടെ സ്വത്ത്
യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വേങ്ങരയില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും കുടുംബത്തിനും 5.49 കോടിയുടെ സ്വത്ത്. കൈവശമുള്ളത് 1,35,000 രൂപ. വിവിധ ബാങ്കുകളിലായി കുഞ്ഞാലിക്കുട്ടിക്ക് 34,01,352 രൂപയുടെയും ഭാര്യയുടെ പേരില്‍ 2,64,88,128 രൂപയുടെയും നിക്ഷേപമുണ്ട്. 15.20 ഏക്കര്‍ കൃഷിഭൂമിയും രണ്ട് വാണിജ്യ കെട്ടിടങ്ങളും കാരാത്തോട്ടെ വീടും അടക്കം കുഞ്ഞാലിക്കുട്ടിയുടെ സ്ഥാവര ആസ്തിമൂല്യം 2,20,15,000 രൂപ. ഭാര്യയ്ക്ക് 30 ലക്ഷം രൂപയുടെ സ്ഥാവര ആസ്തിയുണ്ട്.
തോമസ് കെ.തോമസിന് 4.96 കോടിയുടെ ആസ്തി
അന്തരിച്ച മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ അനുജനും കുട്ടനാട് മണ്ഡലത്തിലെ എന്‍.സി.പി. സ്ഥാനാര്‍ഥിയുമായ തോമസ് കെ.തോമസിന് 4.96 കോടിയുടെ ആസ്തി. കൈവശം 30,000 രൂപ, ഭാര്യയുടെ കൈവശം 10,000 രൂപ. ഭാര്യയുടെ പേരില്‍ ആലപ്പുഴ യൂണിയന് ബാങ്കില്‍ ഒരു കോടിയുടെ നിക്ഷേപം, 4,20,000 രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വര്‍ണം, ഭാര്യയ്ക്ക് 21,00,000 രൂപ വില മതിക്കുന്ന 500 ഗ്രാം സ്വര്‍ണം.
1,08,20,000 രൂപ വിലമതിക്കുന്ന കാര്‍ഷിക ഭൂമി, 55 ലക്ഷം രൂപ വിലമതിക്കുന്ന കരഭൂമി, ചങ്ങനാശേരി ചെത്തിപ്പുഴയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന വീട്, എറണാകുളത്ത് 83,40,350 രൂപ വിലമതിക്കുന്ന വീട്, സ്വന്തം പേരില്‍ വിവിധ ബാങ്കുകളിലായി 4,99,465 രൂപ നിക്ഷേപവുമുണ്ട്.
ഭാര്യയുടെ പേരിലുള്പ്പടെയുള്ള സംയുക്ത അക്കൗണ്ടുകളിലായി രണ്ട് ബാങ്കുകളില്‍ 50,92,202 രൂപയുടെ നിക്ഷേപം. കുെവെത്ത് കൊമേഴ്സ്യല്‍ ബാങ്കില്‍ 95,000 രൂപയുടെ നിക്ഷേപം. എച്ച്.ഡി.എഫ്.സി. ലൈഫില്‍ മൂന്ന് ലക്ഷം രൂപയുടെവീതം രണ്ട് പോളിസികള്‍. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയില്‍ പത്ത് ലക്ഷം രൂപ മുഖവിലയുള്ള ആയിരം ഓഹരികള്‍ എന്നിവയുമുണ്ട്.
നെല്ലിക്കുന്നിന് 4 കാര്‍
കാസര്‍ഗോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.എ. നെല്ലിക്കുന്നിനു സ്വന്തമായുള്ളത് 27 ലക്ഷം രൂപ വിലമതിക്കുന്ന നാലു കാറുകള്‍. ഭാര്യ ആയിഷയുടേതുംകൂടി കൂട്ടിയാല്‍ 1.15 കോടിയുടെ ആസ്തിയുണ്ട്. സ്ഥാനാര്‍ഥിയുടെ കൈവശമുള്ളത് 30,000 രൂപ. ബാങ്ക് നിക്ഷേപം, ഷെയര്‍ ഇനങ്ങളിലായി 4.25 ലക്ഷം രൂപയുണ്ട്.
ഭാര്യ ആയിഷയുടെ പേരില്‍ 6693 രൂപ ബാങ്കിലും 15,000 രൂപ കൈവശവുമുണ്ട്. 26 ലക്ഷം രൂപ വിലമതിക്കുന്ന 80 പവന് സ്വര്‍ണം, കര്‍ണാടകയില്‍ അടക്കം 65 ലക്ഷം രൂപ വിലവരുന്ന സ്ഥലവും കെട്ടിടവും സ്വന്തം. ഭാര്യയുടെ പേരില്‍ കര്‍ണാടകയിലുള്ളത് 12 ലക്ഷം രൂപ വിലമതിക്കുന്ന കെട്ടിടം.
കൈയില്‍ ആയിരം രൂപയുമായി ശശി
ചിറയിന്‍കീഴ് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. ശശിയുടെ കൈവശം ആയിരം രൂപ മാത്രമേയുള്ളൂവെന്നു സത്യവാങ്മൂലം. കാറും ബാങ്ക് നിക്ഷേപവുമായി നാലുലക്ഷത്തിലധികം രൂപയുടെ സ്വത്തുണ്ട്. ശശിക്ക് 1.9 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 8.3 ലക്ഷം രൂപയുടെയും ബാധ്യതയുണ്ട്
മധുസൂദനന്റെ കൈവശം പതിനായിരം രൂപ
പയ്യന്നൂര്‍ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയും സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ. മധുസൂദനന്റെ െകെയില്‍ പതിനായിരം രൂപയും ഭാര്യയുടെ കൈവശമുള്ളത് രണ്ടായിരം രൂപയും. മധുസൂദനന്റെ പേരില്‍ ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയുടെയും ഭാര്യയ്ക്ക് ഇരുപത്തേഴര ലക്ഷത്തിന്റെയും നിക്ഷേപവുമുണ്ട്.മൂന്നര ലക്ഷത്തിന്റെ ആസ്തിയും മൂന്നു ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്. കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട സി.ബി.ഐ. കേസിനെക്കുറിച്ചും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നു.
സജിക്ക് 20 ലക്ഷം ബാധ്യത
ഇരിക്കൂറിലെ ഇടതു സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസി(എം)ലെ സജി കുറ്റിയാനിമറ്റത്തിന് 20 ലക്ഷം രൂപ ബാധ്യത. െകെയില്‍ നാല്പതിനായിരം രൂപയുണ്ട്. ഭാര്യയുടെ കൈവശമുള്ളത് ഇരുപതിനായിരം രൂപ. സജിക്ക് മൂന്നര ലക്ഷത്തിന്റെയും ഭാര്യയ്ക്ക് ഏഴു ലക്ഷത്തിന്റെയും നിക്ഷേപവുമുണ്ട്.
മോഹനന് സ്വന്തം 1989 മോഡല്‍ അംബാസഡര്‍ കാര്‍
കൂത്തുപറമ്പിലെ ഇടതു സ്ഥാനാര്‍ഥി കെ.പി. മോഹനന് രണ്ടരക്കോടി വിലമതിക്കുന്ന വാണിജ്യാവശ്യ കെട്ടിടങ്ങള്‍ സ്വന്തം. 1989 മോഡല്‍ അംബാസഡര്‍ കാര്‍, 45 ലക്ഷം രൂപയുടെ വിവിധ നിക്ഷേപങ്ങള്‍ എന്നിവയ്ക്കു പുറമേ ആറു ലക്ഷം രൂപയുടെ ബാധ്യതയും മോഹനനുണ്ട്.
കൈവശമുള്ളത് നാല്‍പ്പത്തി നാലായിരത്തി അഞ്ഞൂറ് രൂപ. ഭാര്യ ഹേമജയുടെ െകെവശം 16,500 രൂപയുണ്ട്. ഭാര്യയുടെ പേരില്‍ ഏഴുലക്ഷം രൂപയുടെ നിക്ഷേപവും എഴുപത്തയ്യായിരം രൂപ വിലമതിക്കുന്ന ഭൂസ്വത്തും ആറുലക്ഷം വിലമതിക്കുന്ന കെട്ടിടവുമുണ്ട്.
ശശീന്ദ്രന്റെ സ്വത്ത് ഇരട്ടിയായി; കൈവശം പഴയ 5,000 മാത്രം
എലത്തൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ സ്വത്ത് ഇരട്ടിയായെങ്കിലും ഇപ്പോള്‍ െകെവശമുള്ളത് 2016-ല്‍ നാമനിര്‍ദേശ പത്രിക സമര്പ്പിക്കുമ്പോഴത്തെ അതേ തുക; 5000 രൂപ. കഴിഞ്ഞ തവണ 44.88 ലക്ഷം രൂപയുടെ സ്വത്താണ് ഉണ്ടായിരുന്നത്.
ഇപ്പോള്‍ ഒരു കോടിയോളം രൂപയുടെ സ്ഥാവര, ജംഗമ വസ്തുക്കളുണ്ട്. ശശീന്ദ്രന് 99,78,538 രൂപയുടെയും ഭാര്യയ്ക്ക് 1.6 കോടിയുടെ സ്വത്തുണ്ടെന്നാണു സത്യവാങ്മൂലം. 2016-ല്‍ 13.75 ലക്ഷമായിരുന്ന ബാങ്ക് നിക്ഷേപം അഞ്ചുവര്‍ഷത്തിനിപ്പുറം 39.99 ലക്ഷമായി. വിവിധ ബാങ്കുകളിലായി 13 അക്കൗണ്ടുകളുമുണ്ട്.
സച്ചിന് ദേവിന് 54,000 രൂപയുടെ സ്വത്ത്
ബാലുശേരിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ കെ.എം. സച്ചിന് ദേവിനുള്ളത് 54,000 രൂപയുടെ സ്വത്ത് മാത്രം. 48,000 രൂപ വിലയുള്ള ബൈക്കും കൈവശമുള്ള 6,000 രൂപയുമടക്കമാണിത്. ബാങ്ക് നിക്ഷേപമില്ല. പിതാവിന് 1.75 കോടിയുടെയും മാതാവിന് 92 ലക്ഷം രൂപയുടെയും സ്വത്തുണ്ട്. ആറ് ക്രിമിനല്‍ കേസുകളില്‍ ഒന്നില്‍ സച്ചിന് ശിക്ഷ അനുഭവിച്ചു.
സതീഷിന് ഭൂമിയില്ല; ഇന്നോവയുണ്ട്
കാട്ടാക്കടയിലെ എല്‍.ഡി.എഫ്. സിറ്റിങ് എം.എല്‍.എ: ഐ.ബി. സതീഷിന് സ്വന്തം പേരില്‍ ഭൂമിയില്ലെങ്കിലും ഇന്നോവ ക്രിസ്റ്റ സ്വന്തം. െകെവശം 15,000 രൂപയുണ്ട്. താമസിക്കുന്ന ഭൂമി ഭാര്യയുടെ പേരിലാണ്. എട്ടുഗ്രാം സ്വര്‍ണം െകെവശമുള്ള സതീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ ആകെ മൂല്യം 23 ലക്ഷത്തോളം വരും. 11.32 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്.






