
ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെചൊല്ലി പാര്‍ട്ടികകത്ത് വിമര്‍ശനങ്ങള്‍ ഉയരവെ പ്രതികരമണവുമായി എഐസി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രത്യേക താത്പര്യങ്ങളൊന്നും കാണിച്ചിട്ടില്ല, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിക്കണമെന്നാണ് ആഗ്രഹം. മുഖ്യമന്ത്രി കസേരയില്‍ തനിക്ക് യാതൊരു താത്പര്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് അണികളും ജനങ്ങളും ആഗ്രഹിക്കുന്നത്. തലമുറ മാറ്റം സാധ്യമാക്കിയ സ്ഥാനാര്‍ഥി പട്ടിക ഇതിനുമുമ്പ് കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. പുതുമുഖങ്ങളും യുവത്വവും നിറഞ്ഞു നില്ക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഇത്തവണ നടന്നിട്ടുള്ളത്. സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന് മുന്‍പിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കുന്ന രീതി കോണ്‍ഗ്രസിനില്ല. രഞ്ഞെടുപ്പ് ഫലത്തിന് ശേഷം അഭിപ്രായ ഐക്യത്തോടെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളിപ്പറയുകയോ വില കുറഞ്ഞ് കാണുകയോ ചെയ്യുന്നില്ല. തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമുള്ള ഒരു സ്ഥാനാര്‍ഥിയില്ല എന്നായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശിച്ചിട്ടും രണ്ട് തവണ പിന്മാറേണ്ടി വന്ന നേതാവാണ് സജി ജോസഫ്. ഇത്തവണ കെസി ജോസഫ് പിന്മാറിയ സാഹചര്യത്തിലാണ് മത്സരിക്കാന്‍ വഴിയൊരുങ്ങിയതെന്നും വേണുഗോപാല്‍ പറഞ്ഞു. അവിടെ സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹനായ മറ്റു പലരുമുണ്ട്. അവസരം നിഷേധിക്കപ്പെട്ടവര്‍ക്ക് പരാതിയുമുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. അതൊക്കെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും കെസി വ്യക്തമാക്കി.
ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഹൈക്കമാന്‍ഡ് നോമിനിയായ സജി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിക്ഷേധവുമായി കെ സുധാകരന് രംഗത്ത് വന്നിരുന്നു. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ തിരുകി കയറ്റുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.






