
അജ്മാന് : ട്രാഫിക് നിയമം ലംഘിച്ചാല്‍ പിഴ ഉറപ്പാണ്. യുഎഇ പോലുള്ള രാജ്യങ്ങളില്‍ ഇത് കുറച്ചു കൂടി കര്‍ശനമാണ്. അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് 49ലക്ഷം പിഴ ഇനത്തില്‍ ലഭിച്ച യുവതിയുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. അജ്മാന് ട്രാഫിക് കേസ് അന്വേഷണ വിഭാഗം തലവന്‍ മേജര്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദിയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.
അറബ് വംശജയായ യുവതിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ ലൈസന്‍സ്. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുണ്ടായിരുന്നത്. മാത്രമല്ല ആഴ്ച തോറും 4ട്രാഫിക് നിയമലംഘനമെങ്കിലും ഉണ്ടാക്കുകയും ചെയ്തിരുന്നു. മുടങ്ങാതെ മൂന്നു വര്‍ഷം ഗതാഗത നിയമലംഘനം പതിവാക്കിയതോടെയാണ് പിഴ സംഖ്യയും ഇത്രയും വര്‍ദ്ധിച്ചത്. യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആറു മാസത്തിനുള്ളില്‍ പിഴയടച്ചിട്ടില്ലെങ്കില്‍ വാഹനം പരസ്യലേലത്തില്‍ വില്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
നിരത്തുകളിലെ നിര്‍ദിഷ്ട വേഗപരിധിയും കടന്ന് വാഹനം മണിക്കൂറില്‍ 80 കി.മീ എത്തിയാല്‍ പിഴ 3000 ദിര്‍ഹമാണ്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ 23 ബ്ലാക്ക്മാര്‍ക്കും വീഴും. 60 ദിവസത്തേക്കാണ് ഈ വാഹനം പിടിച്ചെടുക്കുക. പരിധി കഴിഞ്ഞ് 60 കി.മീറ്റര്‍ വേഗപരിധിയെത്തുന്നവര്‍ക്ക് പിഴ 2000 ദിര്‍ഹമാണ്. 12 ബ്ലാക്ക് മാര്‍ക്കും ഉണ്ടായിരിക്കും. 30 ദിവസത്തേക്കാണ് വാഹനം പിടിച്ചെടുക്കുക.






