
കൊച്ചി : നടന് ശ്രീനിവാസനും, സംവിധായകന് സിദ്ദിഖിനും പിന്നാലെ നടനും സംവിധായകനുമായ ലാലും ട്വന്റി 20യില്‍. ലാലിന്റെ മകളുടെ ഭര്‍ത്താവും സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയിലെ ക്യാപ്റ്റനുമായ അലന് ആന്റണിയും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. അലന് യൂത്ത് വിങ് പ്രസിഡന്റാകും. ലാലിനെ ഉപദേശകസമിതി അംഗമാക്കിയതായി ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അറിയിച്ചു.
നടനും സംവിധായകനുമായ ശ്രീനിവാസനും സംവിധായകന് സിദ്ദിക്കും ട്വന്റി ട്വന്റിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. ശ്രീനിവാസനും സംവിധായകന് സിദ്ധിഖും ട്വന്റി ട്വന്റിയുടെ ഉപദേശക സമിതിയില്‍ ഉണ്ടാകും. ഇരുവരും മത്സരരംഗത്തില്ല. കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീനിവാസന് പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വിവരം വാര്‍ത്താ സമ്മേളനത്തിനിടെ വീഡിയോ സന്ദേശത്തിലൂടെ ആണ് ലാല്‍ പ്രഖ്യാപിച്ചത്. കിഴക്കമ്പലം പഞ്ചായത്തിന്റെ വികസനവും ട്വന്റി 20യുടെ പ്രവര്‍ത്തനവും കാണുമ്പോള്‍ അതിനൊപ്പം നില്ക്കാതിരിക്കാന് തനിക്കാവില്ലെന്നും ലാല്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്- വലത് മുന്നണികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ട്വന്റി 20. തിതരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ട്വന്റി 20 അംഗത്വ വിതരണം വേഗത്തിലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ അടിസ്ഥാനത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. മികച്ച സ്ഥാനാര്‍ത്ഥികളെ ലഭിച്ചാല്‍ മത്സരരംഗത്ത് സജീവമാകുമെന്നും ട്വന്റി20 ഭാരവാഹികള്‍ അറിയിച്ചിരുന്നു.






