
ദുബായ് : യുഎഇയിലേക്കുള്ള പുതിയ മൾട്ടിപ്പിൾ എൻട്രി വീസയെ പ്രതീക്ഷയോടെ നോക്കി പ്രവാസികൾ. 5 വർഷ മൾട്ടിപ്പിൾ എൻട്രി വീസയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സ്പോൺസർ ഇല്ലാതെ തന്നെ എല്ലാ രാജ്യക്കാർക്കും എത്ര തവണ വേണമെങ്കിലും യുഎഇയിൽ വന്നുപോകാൻ സഹായിക്കുന്നതാണ് മൾട്ടിപ്പിൾ എൻട്രി വീസ. ഒരോ പ്രാവശ്യവും 90 ദിവസം വരെ തങ്ങാം.
ലോകത്തെവിടെയുമുള്ള ഓൺലൈൻ ജോലിക്കായി താമസ സൗകര്യമൊരുക്കുന്ന റിമോട്ട് വർക്ക് വീസയും പ്രഖ്യാപിച്ചതിലൂടെ ലോകത്തെ നിക്ഷേപകരെയും ആകർഷിക്കുമെന്നു വിലയിരുത്തൽ.
90 ദിവസം താമസിച്ച ശേഷം വീണ്ടും 90 ദിവസത്തേക്കു പുതുക്കാനുമാകും. മുൻപ് കാലാവധി പൂർത്തിയാക്കാതെ പോകുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലായിരുന്നു. കൂടാതെ, ഇവിടെ ഒരു കമ്പനി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓഫിസ് തുടങ്ങാതെ തന്നെ വൈദഗ്ധ്യമുള്ള ജീവനക്കാരെ യുഎഇയിൽ നിലനിർത്തി കമ്പനികൾക്കു പ്രവർത്തിക്കാനാകും എന്നതും ഇതിന്റെ ഗുണമാണ്.






