
കൊച്ചി: കേരളത്തില്‍ പൗരത്വനിയമം നടപ്പാക്കുമോ ഇല്ലയോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദ്യം പൗരത്വനിയമം നടപ്പാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും ഷാ പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ പൗരത്വ നിയമം ബംഗാളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നാണ് അവിടെ പ്രകടന പത്രിക പുറത്തിറക്കുന്ന വേളയില്‍ പറഞ്ഞത്. എഴുപത് വര്‍ഷത്തിലധികമായി ബംഗാളില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കും. അഭയാര്‍ത്ഥികളായ കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും 10000 രൂപ ധനസഹായം നല്‍കാനും പദ്ധതി തയ്യാറാക്കും', എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.
പൗരത്വ നിയമത്തില്‍ കേരളത്തിന്റെ നിലപാടിനെ അമിത്ഷാ വിമര്‍ശിച്ചത് തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ സാഹചര്യത്തിലാണ്. പൗരത്വനിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ഷാ നേരത്തേയും ആവര്‍ത്തിച്ചിരുന്നു. ബംഗാളില്‍ നടത്തിയ പ്രചരണത്തിനിടെയും പൗരത്വനിയമത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഷാ നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജനം മാറ്റം തീരുമാനിച്ചുകഴിഞ്ഞെന്നും കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ മാറിമാറി ഭരിച്ച് ജനം വലഞ്ഞിരിക്കുകയാണെന്നും പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി സീറ്റിന്റെ എണ്ണം കൂട്ടുമെന്നും പറഞ്ഞു. അതേസമയം രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയില്ലാത്തത് ചെറുതായി ബാധിക്കുമെന്നും വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചൊവ്വാഴ്ച രാത്രിയോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. തുടര്‍ന്ന് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ നിയോജക മണ്ഡലം പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.






