
ഇടുക്കി: കനത്ത മഴയെ തുടർന്ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത തുടരുന്നതിനാൽ മൂന്നാറിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം വലിയ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷാ മുന്നറിയിപ്പ് ശക്തമാക്കിയത്.
മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാതയിലെ സിഎസ്ഐ പള്ളി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണൊലിപ്പിനെ തുടർന്ന് സമീപത്തെ ഒരു കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് അവിടെ താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
കനത്ത മഴ തുടരുന്നതിനാൽ ദേശീയപാതയുടെ വീതികൂട്ടൽ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിലും മണ്ണിടിച്ചിൽ സാധ്യത ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും വാഹന ഗതാഗതം നിയന്ത്രിക്കാനും പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് കലക്ടർ വ്യക്തമാക്കി.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകുന്നതിനായി ബോർഡുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.






