
ന്യൂഡല്‍ഹി: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്കു വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും 50 ശതമാനം സംവരണം നല്കുന്ന വിധി പുനഃപരിശോധിക്കുന്നത് സ്വാഗതാര്‍ഹമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. സംവരണ പരിധി ഉയര്‍ത്തുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുന്നതിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളം വിധി പുനഃപരിശോധിക്കാമെന്ന് അറിയിച്ചത്. സാമൂഹിക അവസ്ഥ മാത്രമല്ല സാമ്പത്തിക പിന്നോക്കാവസ്ഥയും സംവരണത്തിനുള്ള അടിസ്ഥാനമാക്കണമെന്നും സംവരണ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ആകണമെന്നും കേരളം സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടു.
മറാത്ത സംവരണ സാധ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ 1992-ലെ ഇന്ദ്ര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കാമെന്ന് കോടതി നിരീക്ഷിച്ചത്. 50 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതാണ് ഇന്ദ്ര സാഹ്നി കേസ് വിധി. ഇതില്‍ സാമൂഹിക സംവരണത്തെ മാത്രമാണ് പരിഗണിച്ചിരുന്നത്. സംവരണം ഏതെങ്കിലും ഒരു സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെയാകെ ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടേയും അഭിപ്രായം ഇക്കാര്യത്തില്‍ കേള്‍ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കു നോട്ടീസ് അയച്ചത്. എന്നാല്‍ ആ വിധി പുറപ്പെടുവിച്ച സാമൂഹിക സ്ഥാതിയല്ല ഇന്നുള്ളതെന്നും സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് കേരളം നിലപാട് വ്യക്തമാക്കിയത്.
മറാത്ത സമുദായത്തിന് വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവയില്‍ അനുവദിക്കുന്ന സംവരണം 12-13 ശതമാനമാണ്. മഹാരാഷ്ട്രയിലെ ഈ നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 50 ശതമാനം എന്ന സംവരണ പരിധി ലംഘിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിയമം റദ്ദാക്കിയത്. 50 ശതമാനത്തിനു മുകളില്‍ സംവരണം നല്‍കുന്നത് ഭരണഘടന ഉറപ്പു നല്കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി 1992-ല്‍ സാഹ്നി കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളും പുനഃപരിശോധനയെ അംഗീകരിച്ചാല്‍ സംവരണ പരിധി ഉയര്‍ത്തുന്നതില്‍ അന്തിമ വിധിയുണ്ടാകും.






