
ന്യൂഡല്‍ഹി: ആര്.എസ്.എസിലോ ബി.ജെ.പിയിലോ അംഗത്വമെടുത്താല്‍ ജാമ്യം ഉറപ്പാക്കാമെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വാഗ്ദാനം ചെയ്തെന്ന് പൗരത്വ നിയമഭേദഗതി (സി.എ.എ) പ്രക്ഷോഭത്തില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുന്ന അസമിലെ സാമൂഹികപ്രവര്‍ത്തകനും കര്‍ഷകനേതാവുമായ അഖില്‍ ഗോഗോയ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ ശാരീരികമായും മാനസികമായും ഏറെ പീഡനം അനുഭവിച്ചതായും ഗോഗോയ്.
സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിനിടെ 2019 ഡിസംബറിലാണ് ഗോഗോയ് അറസ്റ്റിലായത്. ജാമ്യം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്നതിനിടെ റായ്ജോര്‍ ദള്‍ എന്ന പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് ഇത്തവണ അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ അസം ജാതീയ പരിഷത്തുമായി െകെകോര്‍ത്ത് ശിവസാഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നുമുണ്ട്. എന്‍.ഐ.എ. കസ്റ്റഡിയിലെ കൊടിയ പീഡനങ്ങളും വാഗ്ദാനങ്ങളും ജയിലില്‍നിന്നെഴുതിയ കത്തിലൂടെയാണു കൃഷക് മുക്തി സംഗ്രാം സമിതി നേതാവുകൂടിയായ ഗോഗോയ് പുറംലോകത്തെ അറിയിച്ചത്.
ഹിന്ദുത്വയെക്കുറിച്ചു പ്രഭാഷണം നടത്തിയ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ തനിക്ക് 20 കോടിരൂപ വാഗ്ദാനം ചെയ്തതായും കത്തില്‍ ഗോഗോയ് പറയുന്നു. കൃഷക് മുക്തി സംഗ്രാം സമിതിയോടു വിടപറഞ്ഞ് മറ്റൊരു സംഘടന രൂപീകരിക്കണമെന്നതായിരുന്നു ആവശ്യ. ക്രിസ്തുമതത്തിലേക്കുള്ള അസം നിവാസികളുടെ പരിവര്‍ത്തനം തടയാനുള്ള പ്രവര്‍ത്തനത്തിനായാണ് 20 കോടി വാഗ്ദാനം ചെയ്തത്. ആര്.എസ്.എസില്‍ ചേരുന്നപക്ഷം ഉടന്‍ ജാമ്യം ലഭിക്കുമെന്നായിരുന്നു അനുനയവാഗ്ദാനങ്ങളില് പ്രധാനം.
ഇതു നിരസിച്ചതോടെ ബി.ജെ.പിയില്‍ ചേരണമെന്നായി നിര്‍ദേശം. ഒഴിവുള്ള നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാക്കി ജയിപ്പിച്ച് അസമിലെ ബി.ജെ.പി. സര്‍ക്കാരില്‍ മന്ത്രിയാക്കാമെന്നായിരുന്നു അടുത്ത വാഗ്ദാനം. ഇതും നിരസിച്ചതോടെ കേസുകളുടെ എണ്ണവും പെരുകി. സുപ്രീം കോടതിയില്‍നിന്നുപോലും ജാമ്യം ലഭിക്കാത്ത സാഹചര്യം. ജയില്‍മോചനത്തിനു വിദൂരസാധ്യതപോലുമില്ല. കുടുംബജീവിതമെന്നതും ഏകദേശം അസ്തമിച്ചു. ശാരീരികമായും നശിപ്പിക്കപ്പെട്ടു- കത്തില്‍ ഗോഗോയ് ചൂണ്ടിക്കാട്ടി.
2019 ഡിസംബര്‍ 12 നു ഗുവാഹത്തിയില്‍ കരുതല്‍ തടങ്കലിലായ തന്നെ രാജ്യത്തിനെതിരേ യുദ്ധപ്രഖ്യാപനം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്നു ഗോഗോയ് കത്തില്‍ പറയുന്നു. കോടതിയുടെപോലും അനുമതിയില്ലാതെ ഡിസംബര്‍ 18 നു ഗുവാഹത്തിയില്‍നിന്ന് ഡല്‍ഹിയിലെ എന്‍.ഐ.എ. ഹെഡ്ക്വാര്ട്ടേഴ്സിലെത്തിച്ചായിരുന്നു പീഡന, അനുനയമുറകളെന്നും കത്തിലുണ്ട്.
അതേസമയം, വോട്ടെടുപ്പ് അടുത്ത സാഹചര്യത്തില്‍ വാസ്തവവിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് ഗോഗോയ് തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നു ബി.ജെ.പി. പ്രതികരിച്ചു. വോട്ടില്‍ കണ്ണുവച്ചാണു ഗോഗോയിയുടെ കത്ത് പുറത്തുവിട്ടിരിക്കുന്നത്. പക്ഷേ, അസമിലെ ജനങ്ങള്‍ക്ക് അഖില്‍ ഗോഗോയ് ആരാണെന്നു ബോധ്യമായതായും അദ്ദേഹത്തിനു കെട്ടിവച്ചകാശുപോലും കിട്ടില്ലെന്നും ബി.ജെ.പി. വക്താവ് രൂപം ഗോസ്വാമി പറഞ്ഞു. ഗോഗോയിയുടെ ആക്ഷേപങ്ങളില്‍ സത്യത്തിന്റെ അംശമില്ലെന്നായിരുന്നു പേരു വെളിപ്പെടുത്താത്ത എന്‍.ഐ.എ. ഉദ്യോഗസ്ഥന്റെ പ്രതികരണം.






