
കൊല്ലം: ഇടയലേഖനത്തെ വിമർശിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പ് ഇ.എം.സി.സി കരാറുമായി ബന്ധപ്പെട്ട് സ്വന്തം ഓഫീസിന്റെ പങ്കു പുറത്തു വന്നതിനെപ്പറ്റി എന്തു പറയാനുണ്ടെന്ന് മുഖ്യമന്ത്രിയോട് ലത്തീന്‍ സഭ. വോട്ടെടുപ്പിലേക്ക് കേരളം നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കൊല്ലം രൂപതാ മെത്രാന്റെ ഇടയലേഖനത്തെ വിമര്‍ശിച്ചതിന് മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിക്കുകയാണ് ലത്തീൻ സഭ.
മുഖ്യമന്ത്രിയുടെ നിലപാട് അപക്വമാണെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കേരള ലത്തീൻ കാത്തോലിക് അസോസിയേഷൻ (കെ.എൽ.സി.എ) കൊല്ലം രൂപതാ കമ്മറ്റി ആവശ്യപ്പെട്ടു. കൊല്ലം മെത്രാനെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇതുവരെയും ചെയ്തകാര്യങ്ങൾ ഏറ്റുപറഞ്ഞു തിരുത്തുകയും ഇത്തരം നിലമറന്നുള്ള പ്രസ്താവനകളിൽ നിന്നും പിന്തിരിയുകയുമാണ് വേണ്ടതെന്നും പറഞ്ഞു.
മുഖ്യമന്ത്രി സൈബർ ഗുണ്ടകളെ കൊണ്ട് കൊല്ലം ബിഷപ്പിനെതിരേ പുലഭ്യം പറയിക്കുകയാണെന്നും ആരോപിച്ചു. സർക്കാറിനെതിരായി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി ഉന്നയിക്കുകയാണെന്നും കൊല്ലം രൂപതാ മെത്രാന്റെ ഇടയ ലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നാല്‍ ഇടയലേഖനത്തെ വിമർശിച്ച നിലപാട് അപക്വവും അല്പത്തവുമാണെന്ന് സഭ വിമര്‍ശിക്കുന്നു.
തന്റെ ജനതയുടെ തൊഴിലും തൊഴിലിടവും അവർക്കു അന്യമാകുന്ന അവസ്ഥ കണ്ടില്ലെന്നു നടിക്കാൻ കഴിയാത്ത ഇടയന്റെ ശബ്ദമാണ് ഇടയലേഖനത്തിലൂടെ വിശ്വാസികൾ ശ്രവിച്ചത്. അതിനെ പാർട്ടി സൈബർ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുന്നതും സ്വന്തം നിലവിട്ടു മുഖ്യമന്ത്രി തന്നെ വിമർശനവുമായി വന്നതും സമുദായം വിലയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകുമെന്നും പറയുന്നു. നുണകൾ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എൽ.സി.എ ആവശ്യപ്പെട്ടു.






