
കോഴിക്കോട്: കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. തിരഞ്ഞെടുപ്പ് വരെയുള്ള പത്ത് ദിവസം പിടിച്ചുനില്ക്കാന് വേണ്ടിയുള്ള പതിനെട്ടാം അടവാണിതെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു.
വിരമിച്ച ഒരു ജഡ്ജിയെ കമ്മീഷനായി നിയമിച്ച് ശമ്പളം കൊടുക്കാമെന്നതല്ലാതെ ഒരു പ്രയോജനവുമില്ല. സ്വര്‍ണക്കടത്ത് സംശയത്തില്‍ സംശയത്തില്‍ നിന്ന് സ്വയം രക്ഷപ്പെടാനുള്ള അടവാണിത്. അന്വേഷണം നടക്കട്ടെ. ഓലപ്പാമ്പിനെ കണ്ട് പേടിക്കില്ല അദേഹം പറഞ്ഞു.
രാജ്യത്ത് എവിടെയും കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സിയാണ്. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുന്നത് ആ വ്യക്തിയാണ്. ഒരു സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കാനല്ല അന്വേഷണമെന്നും മുരളീധരന് പറഞ്ഞു. കിഫ്ബിക്കെതിരെ ഒരു ചുക്കും ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് പറ്റില്ലെന്നാണ് പിണറായി പറഞ്ഞത്. പിന്നെ ചുക്കിനെതിരെ എന്തിനാണ് കമ്മീഷനെ വച്ചതെന്നും അദേഹം ചോദ്യമുയര്‍ത്തി.






