
മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം മണ്ഡലത്തില്‍ പുതുയുഗപോരാട്ടം. കഴിഞ്ഞ മൂന്നു തവണയായി എസ്. രാജേന്ദ്രനും എ.കെ. മണിയും തമ്മിലുള്ള പോരാട്ടം കണ്ട ദേവികുളത്തിന് ഇത്തവണ തലമുറമാറ്റത്തിന്റെ കൂടി കാലമാണ്. തുടര്‍ച്ചയായി മൂന്നു തവണ ഇടതുമുന്നണി ജയിച്ചുകയറിയ മണ്ഡലത്തില്‍ അഡ്വ. എ. രാജയാണ് സി.പി.എം. സാരഥി. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഡി. കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്.
എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാര്‍ഥി ധനലക്ഷ്മി മാരിമുത്തുവിന്റെ പത്രിക തള്ളിപ്പോയതോടെ സ്വതന്ത്രനായ എസ്.ഗണേശനെ പിന്തുണച്ച് എന്‍.ഡി.എയും കളം നിറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് മുന്നണി സ്ഥാനാര്‍ഥികള്‍ മാത്രം മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണ് ദേവികുളം എന്ന പ്രത്യേകതയുമുണ്ട്. തോട്ടം തൊഴിലാളികള്‍ ഏറെ അധിവസിക്കുന്ന മണ്ഡലത്തില്‍ കാര്‍ഷികമേഖലയും ഉള്‍പ്പെടുന്നു. ഭൂപ്രശ്നങ്ങളും തോട്ടം തൊഴിലാളികളുടെ വിഷയങ്ങളും ആദിവാസിക്ഷേമവും ടൂറിസം വികസനവും ഒക്കെ മണ്ഡലത്തില്‍ സജീവ ചര്‍ച്ചാവിഷയമാണ്. തെക്കിന്റെ കാശ്മീരായ മൂന്നാറും വലിയ ദുരന്തത്തിനു സാക്ഷിയായ പെട്ടിമുടിയും മണ്ഡലത്തിലാണ്.
അടിമാലി ബ്ലോക്കിനു കീഴിലെ അടിമാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍, െബെസണ്വാലി പഞ്ചായത്തുകളും ദേവികുളം ബ്ലോക്കിനുകീഴിലെ ദേവികുളം, ചിന്നക്കനാല്‍, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, ഇടമലക്കുടി, മാങ്കുളം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. ജാതി സമവാക്യങ്ങളടക്കം വിധി നിര്‍ണയിക്കുന്ന മണ്ഡലംകൂടിയാണ് ദേവികുളം. ട്രേഡ് യൂണിയന് രാഷ്ട്രീയവും ഇവിടെ പ്രസക്തമാണ്. യുവ അഭിഭാഷകനായ അഡ്വ. എ.രാജ കഴിഞ്ഞ 15 വര്‍ഷത്തെ മണ്ഡലത്തിലെ വികസന നേട്ടം ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണം നയിക്കുന്നത്.
പരിചിത മുഖവും മുതിര്‍ന്ന നേതാവുമായ ഡി. കുമാറിനെ ഇറക്കുകവഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കാര്‍ഷിക മേഖല ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനുകൂലമായത് എല്‍.ഡി.എഫും തോട്ടം മേഖലയിലെ പരമ്പരാഗത പഞ്ചായത്തുകള്‍ ലഭിച്ചത് യു.ഡി.എഫും നേട്ടമായി കാണുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 12 പഞ്ചായത്തുകളില്‍ ഏഴിടത്ത് എല്‍.ഡി.എഫും അഞ്ചിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്. കഴിഞ്ഞ ആറു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിലെ എ.കെ. മണിയാണ് യു.ഡി.എഫിനായി മല്‍സരിച്ചത്.
ഇതിനു മാറ്റം വരണമെന്ന പ്രവര്‍ത്തകരുടെ വികാരത്തെ മാനിച്ചാണ് ഇത്തവണ ഡി. കുമാറിനെ കളത്തിലിറക്കിയത്. എസ്. രാജേന്ദ്രന് മൂന്നുവട്ടം മല്‍സരിച്ചതോടെയാണ് എല്‍.ഡി.എഫിലും മാറ്റത്തിന് വഴിതെളിഞ്ഞത്. അതിനാല്‍ത്തന്നെ ഇത്തവണ പോരാട്ടം മുന്നണികള്‍ക്ക് കടുപ്പമേറിയതാണ്. ഫലം പ്രവചനാതീതവും. കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും രണ്ടായിട്ടാണ് മല്‍സരിച്ചത്.
ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ പിടിച്ചിരുന്നു. ബി.ജെ.പിക്ക് 9,592 വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാര്‍ഥിയുടേയും ഡമ്മിയുടേയും പത്രിക തള്ളിപ്പോയി. ഇതോടെയാണ് സ്വതന്ത്രനെ സ്വന്തമാക്കി എന്‍.ഡി.എ മുഖം രക്ഷിച്ചത്. എസ്. ഗണേശനാകട്ടെ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.
എ.ഐ.എ.ഡി.എം.കെയുടെ ബാനറില്‍ ഇറങ്ങുമ്പോള്‍ മണ്ഡലത്തിലെ തമിഴ്വോട്ടര്മാരില് ഇവരും കണ്ണുംവയ്ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എസ്.രാജേന്ദ്രന് 49,510 വോട്ടും യു.ഡി.എഫിലെ എ.കെ. മണിക്ക് 43,728 വോട്ടും ബി.ജെ.പിക്ക് 9,592 വോട്ടും ലഭിച്ചു. 5782 വോട്ടുകള്‍ക്കാണ് രാജേന്ദ്രന് വിജയിച്ചു കയറിയത്.






