
ബാലസോർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ സിനിമയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ എടിഎം മെഷീൻ മോഷ്ടിച്ചുകൊണ്ടുപോയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മഹീന്ദ്ര താർ വാഹനത്തിലെത്തിയ അഞ്ചംഗ സംഘമാണ് എടിഎം ബൂത്ത് തകർത്ത് മെഷീൻ കാറിൽ കെട്ടിവലിച്ചുകൊണ്ടുപോയത്.
പുലർച്ചെ 2.00 മുതൽ 2.30 വരെയുള്ള സമയത്താണ് സംഭവം നടന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, പ്രതികൾ എടിഎം മെഷീൻ വാഹനത്തിന്റെ പിന്നിൽ കയർ ഉപയോഗിച്ച് കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കുറച്ച് ദൂരം കൊണ്ടുപോയ ശേഷം ടുഡിഗാഡിയ ചാക്കിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
എടിഎമ്മിൽ നിന്ന് പണം കവർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. മെഷീനിലെ പണത്തിന്റെ കണക്കെടുപ്പും സാങ്കേതിക പരിശോധനയും പുരോഗമിക്കുകയാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മോഷണത്തിന് ഉപയോഗിച്ച വാഹനം തിരിച്ചറിയാനും സംഭവത്തിൽ പങ്കെടുത്ത അഞ്ച് പ്രതികളെ കണ്ടെത്താനുമുള്ള ശ്രമം തുടരുകയാണ്.
സംഭവം ടുഡിഗാഡിയ മാർക്കറ്റ് മേഖലയിലെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രദേശത്ത് സമാന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും രാത്രി പട്രോളിംഗ് ശക്തമാക്കി ഇത്തരം കുറ്റകൃത്യങ്ങൾ തടയണമെന്നുമാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.






