കാല്‍നൂറ്റാണ്ട് കൈവെള്ളയില്‍ കൊണ്ടുനടന്നിരുന്ന മണ്ഡലമാണ് കെ.ബാബുവിന് 2016ല്‍ ബാര്‍ കോഴ വിവാദത്തില്‍ കൈമോശം വന്നത്. ഇടതുനിലപാടുകളുടെ മൂര്‍ച്ചയേറിയ നാവായ എം. സ്വരാജ് ആയിരുന്നു ബാബുവിന്റെ കുത്തക അവസാനിപ്പിച്ചത്. വീണ്ടും അതേ പോരാളികള്‍ തൃപ്പൂണിത്തുറയില്‍ ഏറ്റുമുട്ടുമ്പോള്‍ വികസനവും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് പശ്ചാത്തലത്തില്‍.
അഞ്ചുവര്‍ഷം മണ്ഡലത്തില്‍ കാഴ്ച വച്ചിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സ്വരാജിന് വിവരിക്കാനുള്ളത്. മറ്റൊന്നും തെരഞ്ഞെടുപ്പില്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നേയില്ല. എതിരാളികളുടെ വിശ്വാസ ഒളിയമ്പുകള്‍ക്കു നേരേ തന്ത്രപരമായ മൗനമാണ് സ്വരാജ് അവലംബിച്ചിരിക്കുന്നത്.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് ബാബുവിന് മത്സരിക്കാനുള്ള ടിക്കറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുമായുള്ള അടുത്ത ബന്ധവും തുണച്ചു. തനിക്കെതിരേ കെട്ടിച്ചമച്ചതാണ് ബാര്‍ കോഴ കേസ് എന്നാണ് ബാബു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.
ശബരിമലയും വിശ്വാസവും ഉയര്‍ത്തിയ ബാബു വിവാദത്തിനു തിരികൊളുത്തി. ബി.ജെ.പി. ക്യാമ്പില്‍ നിന്നും തനിക്ക് വോട്ട് കിട്ടുമെന്നു ബാബു പറഞ്ഞത് ഇടതുപക്ഷം ആയുധമാക്കി. എന്നാല്‍, ഒരിക്കല്‍ താന്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടി വിട്ടു ബി.ജെ.പിയിലേക്ക് ചേക്കേറിയവര്‍ തന്റെ തിരിച്ചുവരവോടെ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു ബാബു ഇതിനു നല്കിയ വിശദീകരണം.
ഇതെല്ലാം വര്‍ഗീയ കളികളാണെന്നാണ് സ്വരാജിന്റെ നിലപാട്. മറിച്ച് വികസനവും ജനസേവനവുമാണ് സ്വരാജിന്റെ കാര്‍ഡുകള്‍. കോടികള്‍ മുടക്കി നടപ്പിലാക്കിയ പദ്ധതികള്‍ സ്വരാജ് വിശദീകരിക്കുന്നു. അത് ജനങ്ങളിലേക്ക് എത്തിച്ചാല്‍ മാത്രം മതി ജയിക്കാനെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ ക്ഷേത്രനഗരിയാണ്. തീര്‍ഥാടന ടൂറിസം സര്ക്യൂ ട്ടുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ മൂന്നോട്ടുവച്ചിട്ടുണ്ട്. അതു നടപ്പാക്കാനാണ് ശ്രമമെന്നും ഇടത് സ്ഥാനാര്‍ഥി ജനങ്ങളോട് വ്യക്തമാക്കുന്നു.
ഡോ. കെ.എസ്. രാധാകൃഷ്ണനെയാണ് എന്‍.ഡി.എ. മത്സരത്തിനിറക്കുന്നത്. 2016ല്‍ പിടിച്ച 29000 വോട്ടുകളിലാണ് പ്രതീക്ഷ. അതിനോട് കൂട്ടിച്ചേര്‍ക്കുന്ന വോട്ടുകളുടെ എണ്ണം കൂടുമെന്നൂം ജയമുറപ്പാണെന്നുംരാധാകൃഷ്ണനും പാര്‍ട്ടിയും പ്രവചിക്കുന്നു. ശബരിമല വിഷയത്തില്‍ യു.ഡി.എഫിനോടും എല്‍.ഡി.എഫിനോടും ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് പി.എസ്.സി.മുന്‍ ചെയര്മാന് കൂടിയായ കെ.എസ്. രാധാകൃഷ്ണന്. കാലടി സംസ്കൃത സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായിരുന്നു അദ്ദേഹം. 60000 വോട്ടുകളാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
2016 ലെ തെരഞ്ഞെടുപ്പില്‍ എം.സ്വരാജിന് 62697 വോട്ടും(40.5ശതമാനം), കെ. ബാബുവിന് 58,230 വോട്ടും(37.6 ശതമാനം),ബി.ജെ.പിയിലെ പ്രഫ. തുറവൂര്‍ വിശ്വംഭരന് 29843 വോട്ടും(19.3 ശതമാനം) ലഭിച്ചിരുന്നു. അന്ന് ആകെ വോട്ടര്‍മാര്‍ 1,98,245 ആയിരുന്നു. 77.7 ശതമാനമായിരുന്നു പോളിങ്. ഇക്കുറി 2,11,581 വോട്ടര്‍മാരുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിനേറ്റ കളങ്കത്തിന് തെരഞ്ഞെടുപ്പ് ജയത്തിലൂടെ ചുട്ടമറുപടി കൊടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കെ. ബാബു. ഇടതുപക്ഷത്തിനും വികസന രാഷ്ട്രീയത്തിനും ഒപ്പമാണ് മണ്ഡലത്തിന്റെ മനസെന്ന് എം. സ്വരാജും വിശ്വസിക്കുന്നു. ഒരു മാറ്റമുണ്ടാക്കാമോയെന്ന കഠിനപ്രയത്നത്തിലാണ് ഡോ. കെ.എസ്.രാധാകൃഷ്ണനും.
ബൈജു ഭാസി






