
പാലക്കാട്: തിരഞ്ഞെടുപ്പു ചൂട് കൊട്ടിക്കലാശത്തിലേക്കടുക്കുമ്പോള് തൃത്താലയില്‍ ഇപ്പോഴും തിരഞ്ഞെടുപ്പു പോര് ശക്തമായി തുടരുകയാണ്. വി ടി ബല്‍റാമും എം ബി രാജേഷും തമ്മില്‍ സൈബര്‍ ഇടത്തില്‍ മാത്രമല്ല, പൊതു ഇടങ്ങളിലും ഈ പോര് പ്രകടമാണ്. വിവാദങ്ങളും വ്യക്തി അധിക്ഷേപവുമായാണ് സി പി എം എതിര്‍സ്ഥാനാര്‍ത്ഥികളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നാണ് വി ടി ബല്‍റാം പറയു്നത്. എന്നാല്‍ ഇത് മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ബല്‍റാം പറയുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എം ബി രാജേഷും രംഗത്തെത്തിയിരിക്കുകയാണ്.
വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല, അസഭ്യം പറയുന്നത് തന്റെ ശീലമല്ല. വി ടി ബല്‍റാമിന്റെ അധിക്ഷേപത്തിനിരയായ സാഹിത്യകാരന്മാരുടെ കൂട്ടായ്മയാണ് തൃത്താലയില്‍ സംഘടിച്ചത് അതിനെ ഇരകളുടെ സംഗമമായി മാത്രമേ കാണേണ്ടതുള്ളൂ എന്നുമാണ് എം ബി രാജേഷ് പറയുന്നത്. വ്യക്തി കേന്ദ്രീകൃത അധിക്ഷേപങ്ങള്‍ക്ക് അപ്പുറം മണ്ഡല്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ ഊന്നിപ്പറഞ്ഞാണ് പ്രചരണമെന്നും എം ബി രാജേഷ് പറയുന്നു.
രണ്ടുതവണ തന്നെ വിജയിപ്പിച്ച ജനങ്ങളിലാണ് ബല്‍റാമിന്റെ പ്രതീക്ഷ. 2011-ലാണ് ബല്‍റാമിലൂടെ യുഡിഎഫ് മണ്ഡലം പിടിക്കുന്നത്. എന്നാല്‍ കൃത്യമായ ഇടത് രാഷ്ട്രീയമുള്ള മണ്ഡലമാണ് തൃത്താലയെന്നും മണ്ഡലം തിരിച്ചുപിടിക്കുമെന്നുമുള്ള ഉറപ്പിലാണ് എം ബി രാജേഷ്.






