
കൊച്ചി: വോട്ടെടുപ്പ് ദിനത്തില്‍ തന്നെ പാര്‍ട്ടിയുടെ ഉറച്ചവോട്ടുകളുടെ കണക്കെടുക്കാന്‍ സി.പി.എം സംഘടനാസംവിധാനം സജ്ജമായി. സര്‍വേ പ്രവചനങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നില്ലെന്നു വ്യക്തമാക്കിക്കൊണ്ട് സി.പി.എം നാളെ തന്നെ വോട്ടു കണക്കെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും. ഇതിനായി എല്ലാമണ്ഡലങ്ങളിലും സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് കേരളത്തിലെ എല്ലാമണ്ഡലങ്ങളിലും പാര്‍ട്ടി വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം.
50 വോട്ടര്‍മാര്‍ക്ക് രണ്ടോമൂന്നോ പേര് എന്ന നിലയ്ക്ക് സ്ക്വാഡുകള്‍ ഇതിനായി പ്രവര്‍ത്തിക്കും. പോളിങ് സ്റ്റേഷനുകളില്‍ എത്തേണ്ടവരെ സഹായിക്കാന്‍ സ്ക്വാഡുകള്‍ സജ്ജമാണ്. ഓരോ മണ്ഡലത്തിലേയും കൃത്യം കണക്ക് പോളിങ് കഴിഞ്ഞ് രണ്ടുമണിക്കൂറിനകം അതത് ജില്ലാകമ്മിറ്റികള്‍ക്ക് ലഭിക്കും. തെരഞ്ഞെടുപ്പിന് പിറ്റേന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് ചിത്രം വിലയിരുത്തും.
സ്വന്തം വോട്ടുകളുടെ കണക്കെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്ന ഇതരഘടകങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പലരും സ്ഥാനാര്‍ഥികളാണ്. മുഖ്യമന്ത്രി പിണറായി വിജയന്, കെ.കെ. െശെലജ, എം.എം. മണി, പി. രാജീവ്, കെ.രാധാകൃഷ്ണന്, എം.വി. ഗോവിന്ദന്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മത്സരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.






