മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും ആഫ്രിക്കന്‍ ഖനനവും നേരത്തെ ഏറെ ചര്‍ച്ചയായിരുന്നെങ്കിലും തെരഞ്ഞെടുപ്പുവേളയില്‍ നിലമ്പൂരില്‍ ഇതൊന്നും ചര്‍ച്ചാവിഷയമാകുന്നില്ല. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി അന്‍വര്‍ രണ്ടാം വട്ടവും ജനവിധി തേടുന്ന നിലമ്പൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡി.സി.സി. പ്രസിഡന്റായിരുന്ന വി.വി. പ്രകാശാണ്. പി.വി അന്‍വറിനെ കടന്നാക്രമിക്കാന്‍ നിരവധി വിഷയങ്ങളുണ്ടായിട്ടും ഒന്നു പോലും ഉയര്‍ത്താന്‍ യു.ഡി.എഫ്. തയാറാകുന്നില്ലെന്നും നിലമ്പൂരില്‍ ഇത്തവണ "സൗഹൃദമത്സര" പ്രതീതിയാണെന്നും കോണ്‍ഗ്രസുകാര്‍ തന്നെ വിമര്‍ശിക്കുന്നു.
നിലമ്പൂര്‍ സീറ്റിനായുള്ള മത്സരത്തിനൊടുവിലാണ് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന് അവസാനവട്ടം നറുക്ക് വീണത്. സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ടായിരുന്ന ആര്യാടന് ഷൗക്കത്തിനു ഡി.സി.സി. പ്രസിഡന്റ് സ്ഥാനം നല്കി നേതൃത്വം പ്രതിസന്ധി മറികടന്നു. ഒറ്റക്കെട്ടെന്ന് യു.ഡി.എഫ്. നേതൃത്വം പറയുമ്പോഴും പ്രവര്‍ത്തനം അത്ര പന്തിയല്ല. പ്രകാശിന്റെ പര്യടനത്തിലൊന്നും വേണ്ടത്ര പ്രവര്ത്തകപങ്കാളിത്തമില്ല.
കഴിഞ്ഞ തവണ നിലമ്പൂരില്‍ വി.വി പ്രകാശിന് സീറ്റ് നിഷേധിച്ച് പകരം ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ പ്രകാശിന് സീറ്റ് നിഷേധിച്ചതിനെതിരേയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് പ്രഖ്യാപിച്ചായിരുന്നു അന്‍വറിന്റെ മത്സരം. കോണ്‍ഗ്രസിലെ ഒരു വിഭാഗം കാലുവാരിയതു മൂലമാണു 11,504 വോട്ടിനു താന്‍ പരാജയപ്പെട്ടെതന്ന് ആര്യാടന് ഷൗക്കത്ത് ചില പൊതുചടങ്ങുകളില്‍ പറയാതെ പറഞ്ഞു.
നിലമ്പൂര്‍ എം.എല്‍.എയായ ശേഷം വിവാദങ്ങളില്‍ നിറയുകയായിരുന്നു അന്‍വര്‍. നിയമസഭാ സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ മൂന്നു മാസക്കാലം ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിനു പോയി എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. പല വിഷയങ്ങളിലും മറുപടിയില്ലാതെ സി.പി.എം. നേതൃത്വവും വെട്ടിലായിരുന്നു. എന്നാല്‍, പ്രചാരണത്തില്‍ ഈ വിഷയങ്ങളൊന്നും ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി.വി അന്‍വര്‍ സ്വന്തമാക്കിയ ഭൂമി ആറു മാസത്തിനകം കണ്ടുകെട്ടാന്‍ ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതുപോലും നിലമ്പൂരില്‍ യു.ഡി.എഫ്. അന്‍വറിനെതിരേ ആയുധമാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയിരത്തില്‍താഴെ വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നിലമ്പൂരില്‍ യു.ഡി.എഫിനുള്ളത്.
ആര്യാടന് മുഹമ്മദിന്റെ വോട്ട് ബാങ്കായിരുന്ന കാന്തപുരം എ.പി. സുന്നി വിഭാഗം ഇത്തവണയും നിലമ്പൂരില്‍ അന്‍വറിനൊപ്പമാണ്. കോണ്‍ഗ്രസ്, ലീഗ് വോട്ടുകള്‍ ഒന്നിച്ചുവീണാലും എ.പി വോട്ടുകള്‍ നിര്‍ണായകമാവും. കഴിഞ്ഞ തവണ ഒരു വിഭാഗം ക്രിസ്ത്യന്‍വോട്ടുകള്‍ അന്‍വറിന് അനുകൂലമായാണ് വീണത്. ഇത്തവണ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഒപ്പമുള്ളതും അന്‍വറിന് നേട്ടമാണ്.
ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. ടി.കെ അശോക് കുമാര്‍ പ്രചരണത്തില്‍ ഏറെ പിറകിലാണ്. കഴിഞ്ഞ തവണ എന്‍.ഡി.എയ്ക്ക് വേണ്ടി ബി.ഡി.ജെ.എസാണ് മത്സരിച്ചത്. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഗിരീഷ് മേക്കാട്ട് 12,284 വോട്ടുകള്‍ പിടിച്ചിരുന്നു. വി.വി പ്രകാശിനു വേണ്ടി ആര്.എസ്.എസ്. വോട്ടുമറിക്കുന്നു എന്ന ആരോപണം എല്‍.ഡി.എഫ്. ഉയര്‍ത്തിയിട്ടുണ്ട്. ഈ ആരോപണം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് വഴിയൊരുക്കുമോ എന്ന ആശങ്ക യു.ഡി.എഫ്. ക്യാമ്പിനുണ്ട്.
കഴിഞ്ഞ തവണ അട്ടിമറിയിലൂടെയാണെങ്കില് ഇത്തവണ നിലമ്പൂര്‍ അടിയോടെ മറിയുമെന്നാണ് അന്‍വറിന്റെ പ്രതികരണം. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒരു മനസോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്നുമാണ് വി.വി പ്രകാശിന്റെ ഉറപ്പ്.
വി.പി. നിസാര്‍






