
പാലക്കാട്: മത്സരം പൊടിപാറുന്ന തൃത്താല മണ്ഡലത്തിലെ പൈപ്പ് തുറക്കല്‍ പോര് സാമൂഹിക മാധ്യമങ്ങളില്‍ കത്തിപ്പടരുന്നു. പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്കില്നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി. രാജേഷാണ് വെള്ളപ്പോരിനു സാമൂഹിക മാധ്യമങ്ങളില്‍ തുടക്കമിട്ടത്.
പ്രചാരണത്തിന്റെ ഭാഗമായെത്തിയ സ്ഥലമാണെന്നു പറഞ്ഞ് ഇവിടത്തെ പൈപ്പില്‍ വെള്ളമാണോ വായുവാണോ വരുന്നതെന്ന ചോദ്യമാണ് രാജേഷ് ഉയര്‍ത്തിയത്. വഴിയരികിലെ പൈപ്പ് തുറന്നുകാണിക്കുകയും ചെയ്തു. എം.എല്‍.എയും അനുയായികളും ഫെയ്സ്ബുക്കില്‍ അവകാശപ്പെടുന്നതു പോലെയാണോയെന്നു ചോദിച്ചാണ് രാജേഷ് െപെപ്പ് തുറക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. രാജേഷ് പൈപ്പ് തുറന്ന സമയം വെള്ളം വന്നില്ല.
തൊട്ടടുത്ത ദിവസം യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.ടി. ബല്‍റാം ഇതേ സ്ഥലത്തെത്തി. ഇവിടെ വെള്ളം കിട്ടുന്നില്ലെന്നും വായുവാണെന്നും എതിര് സ്ഥാനാര്‍ഥി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വീഡിയോ തുടങ്ങുന്നത്. രാജേഷ് എങ്ങോട്ടാണ് പൈപ്പ് തിരിച്ചതെന്ന സംശയം ഉന്നയിക്കുന്ന ബല്‍റാം, പ്രദേശവാസിയായ ഫാത്തിമ താത്തയോടു പൈപ്പ് തുറക്കാന്‍ പറയുന്നു.
അവര്‍ െപെപ്പ് തുറക്കുമ്പോള്‍ വരുന്ന വെള്ളത്തില്‍നിന്നു രണ്ടു കവിള് കുടിച്ച് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുതെന്നു പറഞ്ഞാണ് രാജേഷിനു ബല്‍റാം തിരിച്ചടിനല്‍കിയത്. െപെപ്പിന് ചുവട്ടിലെ പോര് സി.പി.എമ്മിനു ബൂമറാങ്ങായിരിക്കുകയാണ്.






