
കുണ്ടറ: തന്റെ വാഹനം ചിലര്‍ ആക്രമിച്ച് ജീവന് അപകടത്തില്‍പെടുത്താന്‍ ശ്രമിച്ചുവെന്ന് കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ജി.എം.സി.സി ചെയര്‍മാനുമായ ഷിജു വര്‍ഗീസ്. ഒരു വാഹനത്തില്‍ വന്നവരാണ് തന്നെ ആക്രമിച്ചത്. കണ്ണന്നല്ലൂരിനും കുര്യപ്പള്ളിക്കും ഇടയ്ക്കുള്ള റോഡില്‍ രാവിലെ 5-5.30നുമിടയ്ക്കാണ് ആക്രമണം നടന്നത്. വോട്ടിംഗ് മെഷീന്റെ പരിശോധനയ്കക് വരുന്ന വഴിയാണ് സംഭവം നടന്നതെന്നും ഷിജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇനിയെങ്കിലും തന്റെ ജീവിതത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കുക. പോലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തതാണെന്ന മേഴ്സിക്കുട്ടിയമ്മുടെ പരാമര്‍ശം തെറ്റാണ്. താന്‍ മൊഴി നല്കാന് സ്റ്റേഷനില്‍ എത്തിയതാണ്.
തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന മേഴ്സിക്കുട്ടിയമ്മയുടെ പരാമര്‍ശവും ഷിജു വര്‍ഗീസ് തള്ളിക്കളഞ്ഞു. മന്ത്രി പറയുന്നതിന്റെ വിശദീകരണം മന്ത്രിയോട് ചോദിക്കണം. തന്നെ കസ്റ്റഡിയില്‍ എടുത്തോയെന്ന് പോലീസിനോട് തന്നെ ചോദിച്ചാല്‍ മനസ്സിലാകുമെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.
താന്‍ സ്വയം കത്തിക്കാന്‍ ശ്രമിച്ചതാണെന്ന മന്ത്രിയുടെ പരാമര്‍ശവും അദ്ദേഹം തള്ളിക്കളഞ്ഞു. സ്വയം കത്തിക്കാനാണെങ്കില്‍ തനിക്ക് അമേരിക്കയില്‍ നിന്നാല്‍ പോരായിരുന്നോ. ഇവിടേക്ക് വരേണ്ട കാര്യമുണ്ടായിരുന്നോ എന്നും ഷിജു വര്‍ഗീസ് ചോദിച്ചു.
ഷിജു വര്‍ഗീസ് മണ്ണെണ്ണയുമായി എത്തി സ്വയം കാര്‍ കത്തിച്ചതാണെന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷിജു ശ്രമിച്ചുവെന്നും മന്ത്രി ആരോപിച്ചിരുന്നു. എന്നാല്‍ ഷിജുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞ പോലീസും മേഴ്സിക്കുട്ടിയമ്മയുടെ പരാമര്‍ശം തിരുത്തിയിരുന്നു.






