
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാനെത്തി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ''വഹിച്ച'' കേന്ദ്രനിരീക്ഷകനു കേരളത്തില്‍ വിലക്ക്. ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായെത്തിയ ഹരിയാന സ്വദേശി നരേഷ്കുമാര്‍ ബന്‍സലിനെതിരേ നടപടിയെടുക്കാനാണു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണയുടെ ശിപാര്‍ശ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു െകെമാറി.
ഇടുക്കി കലക്ടറേറ്റിലെ നാല്പത്തിലേറെ ഉദ്യോഗസ്ഥരാണു കേന്ദ്രനിരീക്ഷകനെതിരേ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു പരാതി നല്‍കിയത്. ഉദ്യോഗസ്ഥരെക്കൊണ്ടു കരിക്കും സുഗന്ധവ്യഞ്ജനങ്ങളുമുള്‍പ്പെടെ വാങ്ങിപ്പിച്ചെന്നും ഷൂ തുടയ്ക്കാന്‍ നിര്ദേശിച്ചെന്നുമാണു പരാതി. കുടുംബസമേതം ''നിരീക്ഷണ''ത്തിനെത്തിയ ഹരിയാന കേഡര്‍ ഐ.ആര്.എസ്. ഉദ്യോഗസ്ഥനായ ബന്‍സല്‍ സര്‍ക്കാര്‍ വാഹനത്തില്‍ മധുരയില്‍പ്പോയി ക്ഷേത്രദര്‍ശനവും നടത്തി. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കാനെത്തിയ നിരീക്ഷകന്റെ ചെലവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വഹിക്കേണ്ടിവന്നു.
തന്റെയും കുടുംബത്തിന്റെയും ഭക്ഷണച്ചെലവുപോലും വഹിക്കാന്‍ ബന്‍സല്‍ തയാറായില്ലെന്ന് ഉദ്യോഗസ്ഥരുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞമാസം 27-ന് അദ്ദേഹം വീഡിയോ ചിത്രീകരണത്തിന് അനുവദിച്ച വാഹനത്തില്‍ കുടുംബസമേതം മധുരയ്ക്കു പോയി. ഇതോടെ, വീഡിയോ ചിത്രീകരണത്തിനു നിയോഗിക്കപ്പെട്ട സംഘത്തിനു കാല്‍നടയായി ജോലി ചെയ്യേണ്ടിവന്നു. മൂന്നാറിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ താമസസൗകര്യം ഒരുക്കിയിരുന്നെങ്കിലും മൂന്നാര്‍ ടീ കൗണ്ടിയില്‍ താമസിക്കണമെന്നു ശഠിച്ചു. അതിനു ഭരണപരമായ കാലതാമസമുണ്ടായതോടെ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചു. ഷൂ പോളീഷ് ചെയ്തുകൊടുക്കാന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു.
അവലോകനയോഗത്തിനിടെ ദേവികുളം ആര്.ഡി. ഓഫീസിലെ ഉദ്യോഗസ്ഥനോടു ജെല്‍ പേന വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കഴിവില്ലാത്തവരെന്ന് ആക്ഷേപിച്ചു. ഒരു ഉദ്യോഗസ്ഥനെ െകെയേറ്റം ചെയ്യുന്ന സാഹചര്യംവരെയുണ്ടായി. നിരീക്ഷകനോടു മാര്‍ഗനിര്‍ദേശം തേടിയാല്‍ വരണാധികാരിയെ ബന്ധപ്പെടാനായിരുന്നു മറുപടി. സസ്പെന്‍ഡ് ചെയ്യിക്കുമെന്നു ഭീഷണിപ്പെടുത്തി. മലയാളഭാഷയേയും സംസ്കാരത്തെയും നിരന്തരം അവഹേളിച്ചെന്നും പരാതിയില്‍ പറയുന്നു.






