
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ രതീഷ് അതിന് മണിക്കൂറുകള്‍ മുന്‍പ്വരെ കേസിലെ മറ്റൊരു പ്രതിക്കൊപ്പമായിരുന്നു. പ്രതി ശ്രീരാഗ് എന്നയാള്‍ക്കൊപ്പം ചെക്യാട് ആളൊഴിഞ്ഞ പറമ്പിലാണ് രതീഷ് കഴിഞ്ഞത്. ശ്രീരാഗിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഈ നിര്‍ണായക തെളിവ് ലഭിച്ചത്.
ചൊക്യാട് ആളൊഴിഞ്ഞ പറമ്പിലാണ് മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതും ശ്വാസംമുട്ടിയാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെയാണ് ദൂരുഹതയുണ്ടെന്ന സംശയമുയര്‍ന്നത്.
രതീഷിനെ കൂട്ടുപ്രതികള്‍ മര്‍ദ്ദിച്ച് ബോധംകെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് ആരോപിച്ചിരുന്നു. മന്‍സൂറിന്റെ വധവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം നേതാവിനെതിരെ രതീഷ് നടത്തിയ പ്രകോപനപരമായ സംസാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സുധാകരന് ആരോപിച്ചിരുന്നു.






