
കൊല്‍ക്കത്ത: വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക് 24 മണിക്കൂര്‍ വിലക്ക് നല്‍കിയതിന് പിന്നാലെ ബംഗാളിലെ ബിജെപി നേതാവിന് 48 മണിക്കൂര്‍ വിലക്ക്. കുച്ച ബെഹര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രകോപന പരമായ പ്രസ്താനവകള്‍ നടത്തിയതിനും കേന്ദ്രസേനവെച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചതിനുമാണ് നടപടി.
ബിജെപി ബംഗാള്‍ വിഭാഗം തലവന്‍ ദിലീപ് ഘോഷിനെതിരേയും രാഹുല്‍ സിന്‍ഹയ്ക്കും എതിരേ നടപടിയെടുക്കാന്‍ മമതാബാനര്‍ജിയും ടിഎംസിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച കുച്ച ബെഹറിലെ സിതാല്‍കുച്ചിയില്‍ ജനക്കൂട്ടം പോളിംഗ് ബൂത്ത് ആക്രമിക്കുകയും കേന്ദ്രസേന നടത്തിയ വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്ന രീതിയില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയിലാണ് ബിജെപി നേതാക്കള്‍ പ്രസംഗിച്ചതെന്നാണ് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഹബ്രാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ സിന്‍ഹ ഷിതാല്കുച്ചിയില് നടന്ന സംഭവത്തില്‍ നാലു പേരല്ല എട്ടുപേരെയെങ്കിലൂം വെടിവെച്ചു കൊല്ലണമായിരുന്നു എന്ന പരാമര്‍ശം നടത്തിയിരുന്നു. ഏപ്രില്‍ 11 ന് നടത്തിയ പ്രസംഗത്തില്‍ ദിലീപ് ഘോഷ് ബരാനഗറില്‍ നടത്തിയ പ്രസംഗവും വിവാദമായിരുന്നു. പരിധി ലംഘിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നായിരുന്നു ദിലീപ് ഘോഷ് നടത്തിയത്.






