
കാക്കനാട്: മുട്ടാര്‍പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹന്‍ കൊല്ലൂരില്‍ പോലീസ് പിടിയിലായെന്നു സൂചന. കൊല്ലൂരിലെ ലോഡ്ജിലും മറ്റുമായി ഒരാഴ്ചയിലേറെയായി ഒളിവില്‍ കഴിഞ്ഞ കങ്ങരപ്പടി ഹാര്‍മണി ശ്രീഗോകുലത്തില്‍ സനുമോഹനെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ അന്വേഷണസംഘം പിടികൂടിയെന്നാണു വിവരം.
മാര്‍ച്ച് 22നാണ് സനു മോഹനെ കാണാതായത്. വാളയാര്‍വഴി തമിഴ്നാട്ടിലേക്ക് ഇയാള്‍ കടന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് കോയമ്പത്തൂര്‍-ഊട്ടി ദേശീയപാതയിലൂടെ വാഹനം കടന്നുപോയതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ഒട്ടേറെപ്പേരെ ചോദ്യവും ചെയ്തിരുന്നു.
അഞ്ചു ഭാഷകളിലായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സനു മോഹനെവിടെയെന്നു കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഇയാള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞിരുന്നതായി അന്വേഷണസംഘത്തിന് വിവരം കിട്ടിയത്. ഏപ്രില്‍ 11 മുതല്‍ സനു കൊല്ലൂരില്‍ ഉണ്ടായിരുന്നു. ലോഡ്ജ് ഉടമയാണ് വിവരം പോലീസില്‍ അറിയിച്ചത്. മുറിവാടകയും താക്കോലും നല്‍കാതെയാണ് ഇയാള്‍ കടന്നു കളഞ്ഞതെന്നു ലോഡ്ജ് ഉടമയുടെ മൊഴിയില്‍ പറയുന്നു. കൊല്ലൂരിലെ ലോഡ്ജില്‍ ഇയാള്‍ പത്രം വായിക്കുന്ന ദൃശ്യവും പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.
ഇന്റീരിയര്‍ ഡിസൈനറായിരുന്ന സനുമോഹന് കങ്ങരപ്പടിയില്‍ സ്വന്തമായി ബിസിനസ് സ്ഥാപനം ഉണ്ടായിരുന്നു. കങ്ങരപ്പടിയില്‍ എത്തുംമുമ്പ് ഇയാള്‍ പുനെയിലായിരുന്നു. അവിടെ വന്‍ തോതില്‍ സാമ്പത്തികതട്ടിപ്പുകള്‍ നടത്തിയശേഷം കേരളത്തിലേക്ക് മടങ്ങിയ സനു കങ്ങരപ്പടിയില്‍ താമസിക്കുന്നവിവരം മാതാപിതാക്കളും അടുത്ത ബന്ധുക്കളും അറിയുന്നതുതന്നെ സനുവിന്റെ തിരോധാനത്തിനു പിന്നാലെയാണ്.
നാടുവിട്ടശേഷം ഒരിക്കല്‍പോലും സനുമോഹന് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മൊബൈല്‍ ടവറുകള്‍ ലക്ഷ്യമാക്കിയുള്ള അന്വേഷണത്തെ ഇതു ബാധിച്ചു. കാര്‍ ഉപേക്ഷിച്ചശേഷം ബസിലും ട്രെയിനിലുമായിരുന്നു സഞ്ചാരം.






