ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) യാത്രാവാഹന വിഭാഗത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷവും ഏറ്റവുമധികം കയറ്റുമതി നടത്തിയതായി റിപ്പോർട്ട്. 1.40 ലക്ഷത്തോളം വാഹനങ്ങളാണു ഹ്യുണ്ടേയ് 88 രാജ്യങ്ങളിലേക്കായി കയറ്റുമതി ചെയ്തത്. ചെന്നൈയ്ക്കടുത്ത് ശ്രീപെരുംപുതൂരിലെ ശാലയിൽ നിർമ്മിച്ച വാഹനങ്ങളാണ് ഇവ. റിപ്പോർട്ട് പ്രകാരം അഞ്ചു വിദേശ വിപണികളിൽ ഇടത്തരം എസ് യു വിയായ ‘ക്രേറ്റ’യും എച്ച് എം ഐ എൽ വിൽപ്പനയ്ക്കെത്തിച്ചു.
മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണ ആഫ്രിക്ക, നേപ്പാൾ, ചിലെ എന്നീ രാജ്യങ്ങളിലെക്ക് ചെന്നൈ ശാലയിൽ നിന്നുള്ള സബ് കോംപാക്ട് എസ് യു വിയായ ‘വെന്യു’വും ഹ്യുണ്ടേയ് കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ, പുത്തൻ ‘ഐ ട്വന്റി’യാവട്ടെ എച്ച് എം ഐ എൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനം ആണ് പുത്തൻ ‘ഐ ട്വന്റി നിരത്തിലെത്തിയത്.
ചെന്നൈ ശാലയെ ഒരു മികച്ച ഉൽപ്പാദന ഹബ്ബായി മാറ്റാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഹ്യുണ്ടേയ് വ്യക്തമാക്കുന്നു. കോവിഡ് 19 മഹാമാരിയും ലോക്ക്ഡൗണും ആഗോളതലത്തിൽതന്നെ കനത്ത വെല്ലുവിളി സൃഷ്ടിച്ച വർഷമാണു കടന്നു പോയതെന്ന് എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം അഭിപ്രായപ്പെട്ടു. വിപണികളിലെ അനിശ്ചിതത്വും സപ്ലൈ ചെയിനിൽ നേരിച്ച പ്രതിബന്ധങ്ങൾ ഇറക്കുമതിയിലെ നിയന്ത്രണങ്ങളും തുടങ്ങിയവ അതിജീവിച്ചാണ് ഹ്യുണ്ടേയ് ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






