
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഓക്സിജന്‍ വിഷയത്തില്‍ കേരളം എല്ലാവര്ക്കും പിന്തുടരാവുന്ന മാതൃകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഓക്സിജന്‍ ദൗര്‍ലഭ്യത്തിന്റെ പേരില്‍ ഡല്‍ഹിയോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുകയാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കിക്കൂടേ എന്നും കോടതി ചോദിച്ചു. ഇതോടെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഓക്സിജന്‍ നല്‍കുന്നത് ഏപ്രില്‍ 22 മുതല്‍ നിരോധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കാന്‍ ഇടയാക്കിയത്.
'ഏപ്രില്‍ 22 മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണ്? ഇന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയാത്തത് എന്താണ്? ജനങ്ങളുടെ ജീവന് അപകടത്തിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളോട് ഏപ്രില്‍ 22 വരെ ഓക്സിജന്‍ വേണ്ടി കാത്തിരിക്കാന്‍ ആരെങ്കിലും പറയുമോ?', തുടങ്ങി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളും ആക്ഷേപങ്ങളും കോടതി ഉന്നയിച്ചു. രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നത് കുറയ്ക്കാന്‍ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
കോടതിയുടെ ചോദ്യങ്ങളോട് മൂന്ന് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഐസിയു കിടക്കള്‍ ആവശ്യമുള്ളതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. ഐസിയുവിലെ രോഗികള്‍ക്ക് 24 ലിറ്റര്‍ ഓക്സിജനും ഐസിയു ഇതര രോഗികള്‍ക്ക് 10 ലിറ്റര്‍ ഓക്സിജനും മാത്രമാണ് ആവശ്യമുള്ളത്. കോവിഡ് ബാധിക്കുന്ന 80 ശതമാനം പേര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്മാത്രം ഉള്ളവരാണ്. 17 ശതമാനംപേര്‍ തീക്ഷ്ണത കുറഞ്ഞ രോഗാവസ്ഥയില്‍ ഉള്ളവരാണ്. മൂന്ന് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഐസിയു പരിചരണം ആവശ്യമുള്ളത്. ഡല്‍ഹി സര്‍ക്കാര്‍ 700 മെട്രിക് ടണ്‍ ആവശ്യപ്പെട്ട സ്ഥാനത്ത് 378 മെട്രിക് ടണ്‍ നല്‍കിയിട്ടുണ്ട്. 74,941 രോഗികള്‍ക്ക് 220 മെട്രിക് ടണ്‍ മാത്രമാണ് ആവശ്യമുള്ളത്. എന്നാല്‍ 378 മെട്രിക് ടണ്‍ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ഇന്നും തലസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നും മണിക്കൂറുകള്‍ക്കകം അവശേഷിക്കുന്ന ഓക്സിജന്‍ തീരുമെന്നും ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഓക്സിജന്‍ ഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്രത്തിനു സാധിക്കാതെപോകുന്നത് രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നിന് ഓക്സിജന്‍ വന്‍തോതില്‍ നല്‍കുന്നതുമൂലമാണ് ഇതെന്നും ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചിരുന്നു.






