
തിരുവനന്തപുരം: നഗരസഭയില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ മേയര്‍ വി.വി. രാജേഷ്, മുന്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സി.പി.ഐ.എം നല്കിയ പരാതിയിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരെ നടപടിയെങ്കില്‍, വി. ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ പോലീസ് സ്വമേധയാ ആണ് കേസെടുത്തിട്ടുള്ളത്. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ മേയര്‍ മര്‍ദിച്ചതായും, മറുപടിയായി എല്‍.ഡി.എഫ് കൗണ്‍സിലര്‍ എസ്.പി. ദീപക് ബി.ജെ.പി കൗണ്‍സിലറെ ചവിട്ടിയതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്. വിവാദ കൗണ്‍സിലര്‍ ആര്.സുഗതനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.
പ്രത്യേക ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടത്തിയ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ആര്. സുഗതന് ഒഴികെയുള്ള 19 ബി.ജെ.പി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന സുഗതന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. ഈ സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധം ആണെന്നും അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ്.പി. ദീപക് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും നഗരസഭയില്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.
നഗരസഭയ്ക്കുള്ളില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയ സമരം പിന്നീട് ബി.ജെ.പി അംഗങ്ങളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെ കോര്പ്പറേഷന് ഓഫീസിന് പുറത്ത് റിലേ സത്യാഗ്രഹത്തിലായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും കൈവിട്ടുപോയി.
സംഘര്‍ഷത്തില്‍ ഇരുപക്ഷത്തെയും നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ് പ്ലാസ്റ്ററിട്ട മേയര്‍ വി.വി. രാജേഷ് ഉള്‍പ്പെടെ 16 ബി.ജെ.പി പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സി. പി. ഐ.എം കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നാല് സ്റ്റിച്ചുകള്‍ ഇടേണ്ടിവരികയും ചെയ്തു. ആര്. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് തങ്ങളുടെ റിലേ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.






