
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ നരേന്ദ്രമോഡിയെ വിമര്‍ശിച്ച കൂടുതല്‍ സംസ്ഥാന നേതാക്കള്‍. പ്രധാനമന്ത്രി ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ വാക്സീന് ക്ഷാമത്തെക്കുറിച്ചോ അതിന്റെ ലഭ്യത കൂട്ടുന്നതിനെ കുറിച്ചോ കാര്യമായും വ്യക്തമായും പ്രതികരിച്ചില്ല എന്നാണ് ആരോപണം.
വാക്സിന് നിര്‍മ്മാണം എങ്ങനെ കൂട്ടാമെന്നോ സംസ്ഥാനങ്ങള്‍ക്ക് എത്ര ഡോസ് വാക്സിന് നല്‍കുമെന്നോ പ്രധാനമന്ത്രി മിണ്ടിയില്ലെന്ന് ഛത്തീസ്ഗഡ് മന്ത്രി ടി. എസ് സിംഗ് ഡിയോ അടക്കമുള്ളവരാണ് വിമര്‍ശനം നടത്തി. ആരോഗ്യ പരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാ പ്രകാരമുള്ള ബാധ്യത ആയിരിക്കുന്നിടത്തോളം അത് നിറവേറ്റാന്‍ ആവശ്യമായ വാക്സീന് ക്വാട്ട ഉറപ്പാക്കാനും മഹാമാരിയുടെ സാഹചര്യത്തില്‍ അത് സൗജന്യമായി ലഭ്യമാക്കുകകയും വേണമെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന് പ്രതികരിച്ചിരുന്നു.
വാക്സിന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് കത്തിലൂടെ അഭ്യര്‍ത്ഥിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ ചാനല്‍ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും അടങ്ങുന്ന ഗവണ്മെന്റ് ചാനലാണ് വേണ്ടതെന്നും നിര്‍ദ്ദേശിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്ന് പിണറായി വിജയന് പറഞ്ഞു. നിലവിലെ കേന്ദ്രനയം അനുസരിച്ച് ഉത്പാദിപ്പിക്കുന്ന ഡോസുകളുടെ 50 ശതമാനം നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കണം. ബാക്കി 50 ശതമാനത്തില്‍ നിന്നാകും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാങ്ങാനാകുക. മേയ് ഒന്ന് മുതല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് നല്‍കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. എന്നാല്‍ ഇതിന്റെ ചെലവുകള്‍ സംസ്ഥാനമോ വ്യക്തികളോ വഹിക്കേണ്ടി വരുമെന്ന് വിലയിരുത്തലുകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം വ്യക്തത നല്‍കിയിട്ടുമില്ല.
നിലവിലെ സാഹചര്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച ഒരു തുകയ്ക്കാകും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്സിന് വാങ്ങാനാകുക. സൗജന്യമായി നല്‍കണോ ജനങ്ങളില്‍ നിന്ന് പണം ഈടാക്കണോ എന്നത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തത്തിലുമാകും. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോള്‍ രാജ്യത്തെ പൗരന്മാര്ക്കെല്ലാം സൗജന്യമായി വാക്സിനേഷന് നടപ്പാക്കും എന്ന കാര്യം പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി എത്തിയതെന്നാണ് താന്‍ കരുതിയതെന്നാണ് ടി. എസ് സിംഗ് ഡിയോയുടെ പരിഹാസം.
രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ വാക്സിനുള്ള ഗവേഷണം ആരംഭിച്ചുവെന്നും രാപ്പകലില്ലാതെ അധ്വാനിച്ചാണ് ശാസ്ത്രഞ്ജര്‍ വാക്സിന് വികസിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യന്‍ നിര്‍മ്മിതമായി രണ്ടു വാക്സിനുകള്‍ കണ്ടെത്തി. ലോകത്ത് വെച്ച് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ വാക്സിന് നല്‍കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതില്‍ മുതിര്‍ന്ന പൗരന്മാരെയും ഇതിനോടകം വാക്സീനേറ്റ് ചെയ്ത് കഴിഞ്ഞു.






