
തിരുവനന്തപുരം: കോഴിക്കോട് സോളാര്‍ കേസില്‍ പ്രതി സരിത എസ്.നായര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നാണ് കസബ പോലീസ് സരിതയെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസിലാണ് അറസ്റ്റ്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.
പുലര്‍ച്ചെയോടെ സരിതയെ അറസ്റ്റു ചെയ്തുവെന്നാണ് സൂചന. ഉച്ചയോടെ കോഴിക്കോട് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.
2012ല്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും േസാളാര്‍ പാനല്‍ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് നടപടി. മജീദിന്റെ ഓഫീസിലും വീ്ട്ടിലും സോളാര്‍ പാനല്‍ വയ്ക്കാമെന്നും വിവിധ ജില്ലകളിലെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്നും പറഞ്ഞാണ് സരിത പണം തട്ടിയത്.
കേസില്‍ ബിജു രാധാകൃഷ്ണന്, സരിത നായര്‍, ഇവരുടെ സഹായി എന്നിവരാണ് പ്രതികള്‍. കേസുമായി ബന്ധപ്പെട്ട് കോടതി നൂറിലേറെ സാക്ഷിമൊഴികളും തെളിവുകളും പരിശോധിച്ചിരുന്നു. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതെ വന്നതോടെ ഇവരുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നും ഹാജരാകാതെ വന്നതോടെയാണ് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്.
കോടതിയില്‍ ഹാജരാകാതിരിക്കാന്‍ പരമാവധി സരിതയും ബിജു രാധാകൃഷ്ണനൂം ശ്രമിച്ചിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ ബിജു രാധാകൃഷ്ണന് ആന്ജിപ്ലാസ്റ്റി നടത്തിയതിന്റെ പേരില്‍ കോടതിയില്‍ ഹാജരാകാതെയിരുന്നു. കീകോ തെറാപ്പി നടത്തുകയാണെന്നും ചികിത്സ കഴിയാതെ വരാന്‍ പറ്റില്ലെന്നുമായിരുന്നു സരിതയുടെ അഭിഭാഷകന് പറഞ്ഞത്. എന്നാല്‍ ചികിത്സ രേഖകള്‍ പരിശോധിച്ച കോടതി കാന്‍സര്‍ ചികിത്സ തന്നെയാണോ എന്നതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ സരിതയുടെ ഭാഗത്തുനിന്ന് നടക്കുന്നതിന്റെയാണ് അറസ്റ്റ്.






