
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റം തനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇക്കാര്യം എൽഡിഎഫിനും ദേശാഭിമാനിക്കും മാത്രമായിരുന്നു അറിയാമായിരുന്നത്. അദാനിയും എംഎസ്‍സി കമ്പനിയുമായി ഒരു വർഷമായി ചർച്ച നടത്തി. 2026 ജൂൺ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോര്‍ട്ട് ചെയ്തു. ദേശാഭിമാനിയുടെ വാർത്ത ഉറവിടം എൽഡിഎഫ് സർക്കാർ ആയിരുന്നുവെന്നും പത്ര റിപ്പോർട്ട് ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട വകുപ്പുകൾ എല്ലാം കൈയിൽ വച്ചുകൊണ്ട് അഴിമതിക്ക് വഴിയൊരുക്കുന്നു എന്ന ആരോപണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. സാധാരണ മുഖ്യമന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഒഴികെ പ്രധാനപ്പെട്ട വകുപ്പുകൾ ഒന്നും വേണ്ട എന്നായിരുന്നു താല്പര്യപ്പെട്ടത്. ഫിനാൻസും ആഭ്യന്തരവും വേണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ ഫിനാൻസ് വകുപ്പ് നിർബന്ധിച്ച് ഏൽപ്പിക്കുകയായിരുന്നു. തുറമുഖ വകുപ്പ് എടുത്തത് തന്റെയും സർക്കാരിന്റെയും സ്വപ്ന പദ്ധതി ആയതുകൊണ്ടാണ്. ഏതെങ്കിലും വകുപ്പ് എടുക്കുന്നത് അഴിമതിക്കു വേണ്ടിയാണോ? പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ അഭിപ്രായമായിപ്പോയി. അദ്ദേഹം കൈ നീട്ടി എന്തെങ്കിലും വാങ്ങുന്നതിനോ ആരെയെങ്കിലും സഹായിക്കുന്നതിനോ ആണോ ഐടി വകുപ്പ് കയ്യിൽ വച്ചിരുന്നത്. അതിനു മറുപടി പറയട്ടെ. എന്നും വി.ഡി സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.
വിഴിഞ്ഞത്ത് സർക്കാരിന്‍റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. ഓഹരി കൈമാറ്റം അറിഞ്ഞപ്പോൾ തന്നെ യുഡിഎഫ് സർക്കാർ അതൃപ്‌തി അറിയിച്ചു. ഇതോടെ അവര്‍ അപേക്ഷ നൽകി. ഇത് എംപവേർഡ് കമ്മിറ്റി പരിശോധിക്കും. സംസ്ഥാന താത്പര്യം ബലി കഴിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. എന്നാൽ, എൽഡിഎഫ് സർക്കാർ കാലത്തെ വിഴിഞ്ഞം കോൺക്ലെവിൽ എംഎസ്‍സി പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഇപ്പോഴാകട്ടെ കടൽ കൊള്ള, സതീശൻ - അദാനി എന്നൊക്കെ പറയുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.






