
തിരുവനന്തപുരം: ഗതാഗത മന്ത്രി കാസർഗോഡ് സന്ദർശനത്തിനിടെ ഉപയോഗിച്ച വാഹനത്തിന് ഇൻഷുറൻസും മറ്റ് രേഖകളും ഇല്ലെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) വ്യക്തമാക്കി.
മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പാണ് റെയിൽവേ സ്റ്റേഷനിൽ വാഹനം എത്തിച്ചിരുന്നത്. പ്രചരിക്കുന്ന ആരോപണങ്ങൾക്ക് വിരുദ്ധമായി വാഹനത്തിന് ആവശ്യമായ എല്ലാ രേഖകളും നിലവിലുണ്ടെന്നും എംവിഡി അറിയിച്ചു.
കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് നൽകിയ ഇൻഷുറൻസ് വാഹനത്തിനുണ്ടെന്നും, 2025 മെയ് 18 മുതൽ 2027 മെയ് 17 വരെയാണ് ഇൻഷുറൻസിന്റെ കാലാവധിയെന്നും വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ (പിയുസി) കാലാവധി 2026 ജൂലൈ 6-ന് അവസാനിച്ചെങ്കിലും, അടുത്ത ദിവസം തന്നെ ജൂലൈ 7 മുതൽ പ്രാബല്യത്തിൽ വരുന്ന വിധം അത് പുതുക്കിയതായും വിശദീകരിച്ചു.
കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് വഴിയുള്ള ഇൻഷുറൻസ് വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ 'പരിവാഹൻ' പോർട്ടലിൽ പ്രതിഫലിക്കാൻ ചിലപ്പോൾ സാങ്കേതിക കാരണങ്ങളാൽ കാലതാമസം നേരിടാറുണ്ടെന്നും, ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും എംവിഡി വ്യക്തമാക്കി.
യഥാർഥ വസ്തുതകൾ പരിശോധിക്കാതെ അടിസ്ഥാനരഹിതമായ വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും, വാർത്തകൾ പങ്കുവയ്ക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.






