
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ കുതിച്ചുയരുകയും ആശുപത്രികള്‍ നിറഞ്ഞുകവിയുകയും ചെയ്തതോടെ പല ആശുപത്രികള്‍ക്കു മുന്നിലും കാണുന്നത് കരളലിയിക്കുന്ന ദൃശ്യങ്ങള്‍. ചികിത്സ തേടി എത്തുന്ന രോഗികളും ബന്ധുക്കളും ജീവന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ആശുപത്രികള്‍ക്ക് മുന്നില്‍ കരയുകയാണ്. പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്കു മുന്നില്‍ ആംബുലന്‍സുകളും സ്വകാര്യ വാഹനങ്ങളും രോഗികളുമായി കെട്ടിക്കിടക്കുകയാണ്.
എല്ലാ ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞതോടെ രോഗികള്‍ ഓരോ ആശുപത്രിയിലും കയറിയിറങ്ങുകയാണ്. അസ്ലം ഖാന് ഭാര്യ റൂബി ഖാനുമായി (30) മൂന്ന് ആശുപത്രികളിലാണ് എത്തിയത്. വാഹനമൊന്നും കിട്ടാതെ വന്നതോടെ ബൈക്കിലാണ് ഭാര്യയുമായി ആശുപത്രി തോറും യാത്ര ചെയ്യുന്നത്. ഒരിടത്തും പ്രവേശനം ലഭിക്കാതെ വന്നതോടെ നിസ്ഹായരായി അവര്‍ ലോക് നായക് ജയ് പ്രകാശ് ആശുപത്രി പരിസരത്ത് നിന്ന് നിലവിളിക്കുകയാണ്. 'എന്റെ ഭാര്യ മരിച്ചുപോകും, ദയവാളി അവള്‍ക്ക ചികിത്സ നല്‍കൂ' എന്നാണ് അസ്ലം ഖാന്റെ അപേക്ഷ.
'ഞാന്‍ അവരുടെ കാല്് പിടിക്കാം. ഒരിടത്തും കിടക്കയില്ലെന്നാണ് അവര്‍ പറയുന്നത്. തറിയില്‍ കിടത്തിയെങ്കിലും ചികിത്സി്കകാന് അനുവദിക്കണം. എങ്ങനെയാണ് അവളെ മരണത്തിന് വിട്ടുകൊടുക്കാന്‍ എനിക്ക് കഴിയുക? ആശുപത്രിയുടെ പുറത്തുനിന്ന് അസ്ലം ഖാന് ചോദിക്കുന്നു.
കോവിഡ് ഭേദമായെങ്കിലും ഓക്സിജന്‍ തോത് കുറയുന്നതും ശ്വാസ തടസ്സവുംമൂലം നിരവധി പേരാണ് ചികിത്സ തേടി വീണ്ടും ആശുപത്രിയില്‍ എത്തുന്നത്. രോഗികള്‍ക്ക് നല്കാന് ഓക്സിജന്‍ ഇല്ലാത്തതാണ് ആശുപത്രികള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഓക്സിജന്‍ വിഷയത്തില്‍ ഇടപെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കേന്ദ്രത്തോട് അപേക്ഷിച്ചു. ഓക്സിജന്‍ ഇല്ലെങ്കില്‍ ഉള്ളയിടത്ത് പോയി യാചിച്ചോ, കടംവാങ്ങിയോ മോഷ്ടിച്ചോ കൊണ്ടുവരണമെന്ന് ഡല്‍ഹി ഹൈക്കോടതിയും കേന്ദ്രത്തോട് പറഞ്ഞു. അത് നിങ്ങളുടെ ചുമതലയാണെന്നും ഹൈക്കോടതി തുറന്നടിച്ചു.





